ചിത്രദുർഗ: ഗോവയിൽ വച്ച് അമ്മ കൊലപ്പെടുത്തിയ നാലുവയസുകാരൻ്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് പോസ്‌റ്റ്‌മോട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം കണ്ടെത്തുന്നതിന് 36 മണിക്കൂർ മുൻപാണ് കൊല നടന്നതെന്നും റിപ്പോർട്ടിലുണ്ട്. (Autopsy Report of Goa Child Murder Case- Smothering Confirmed)
കുട്ടിയെ തലയണയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും, കൈകൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായി തോന്നുന്നില്ലെന്നും പോസ്‌റ്റ്‌മോർട്ടം നടന്ന ഹിരിയൂർ താലൂക്ക് ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കുമാർ നായിക് പറഞ്ഞു. ശരീരത്തിൽ രക്തം വാർന്ന പാടുകളൊന്നുമില്ലെന്നും ഡോക്‌ടർ പറഞ്ഞു.
"സാധാരണയായി ഇന്ത്യയിൽ, 36 മണിക്കൂറിന് ശേഷം റിഗർ മോർട്ടിസ് പരിഹരിക്കപ്പെടും, എന്നാൽ ഈ കുട്ടിയുടെ കാര്യത്തിൽ റിഗോർ മോർട്ടിസ് ഇല്ല. അതിനാൽ മരണം കഴിഞ്ഞ് 36 മണിക്കൂറിലധികം കഴിഞ്ഞു." ഡോ കുമാർ നായിക് പറഞ്ഞു.
എന്താണ് റിഗർ മോർട്ടിസ്: മരണശേഷം ശരീരത്തിലെ പേശികൾ ദൃഢമാകുന്ന പ്രതിഭാസമാണ് റിഗർ മോർട്ടിസ്. പേശികളിലുണ്ടാകുന്ന ഈ രാസപരിണാമങ്ങൾ മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. ആദ്യം മുഖത്തിലെയും കഴുത്തിലെയും പേശികളാണ് ദൃഢമാകുന്നത്, ഇത് മരിച്ച് രണ്ടു മണിക്കൂറിനകം ഉണ്ടാകും. നാലു മണിക്കൂറുകൾ കൊണ്ട് കൈകളിലും ആറു മണിക്കൂറുകൾ കൊണ്ട് കാലുകളിലും റിഗർ മോർട്ടിസ് ബാധിക്കും. ഈ അവസ്ഥയിൽ പിന്നീട് വായ തുറക്കാനോ അടയ്ക്കാനോ, കൈകാലുകൾ മടക്കാനോ നിവർത്താനോ സാധിക്കില്ല. ഇന്ത്യയിൽ 36 മണിക്കൂറോളം റിഗർ മോർട്ടിസ് നിലനിൽക്കും. അതിനുശേഷം ഈ അവസ്ഥ മാറും. (What is Rigor Mortis)
മൃതദേഹവുമായി കാർ യാത്ര: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ട്അപ്പ് സ്ഥാപകയും സിഇഒയുമായ സുചന സേഥ് ആണ് മകന്‍റെ മൃതദേഹവുമായി പൊലീസിന്‍റെ പിടിയിലായത്. ബാഗിൽ ഒളിപ്പിച്ച മൃതദേഹവുമായി ഗോവയിൽ നിന്ന് കർണാടകയിലേക്ക് ടാക്‌സി കാറിൽ യാത്രചെയ്യവെയാണ് ഇവരെ പിടികൂടുന്നത്.
ശനിയാഴ്‌ചയാണ് നോർത്ത് ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ സുചനയും മകനും മുറിയെടുക്കുന്നത്. ഇവിടെ വച്ചാണ് സുചാന മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം തിങ്കളാഴ്‌ച പുലര്‍ച്ചെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
യുവതി ചെക് ഔട്ട് ചെയ്‌തശേഷം ഇവർ താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്ട്മെന്‍റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തിയതാണ് നിർണായകമായത്. തുടര്‍ന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. ഗോവ പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
ഇതോടെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ ഗോവയിലെ സുഹൃത്തിന്‍റെ അടുത്താക്കിയെന്ന് യുവതി അറിയിച്ചെങ്കിലും ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ വീണ്ടും ഡ്രൈവറെ വിളിച്ച പൊലീസ് ഏറ്റവും അടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Also Read: അടിമുടി ദുരൂഹത; ഗോവയില്‍ നാലുവയസുകാരന്‍റെ മരണം 'സിഇഒ' അമ്മ കസ്‌റ്റഡിയില്‍
ഭർത്താവ് മലയാളി: സുചന സേഥ് തന്‍റെ മലയാളി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിനായി കാത്തിരിക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുന്‍പ് കോടതിയില്‍ നിന്നും തനിക്ക് പ്രതികൂലമായ വിധിയാണ് വന്നതെന്നും ഇതില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.