പ്രയാഗ്‌രാജ്: ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ജാവേദ് അഹമ്മദിന്‍റെ പ്രയാഗ്‌രാജിലെ വീട് പ്രയാഗ്‌രാജ് ഡവലപ്‌മെന്‍റ് അതോറിറ്റി പൊളിച്ചു നീക്കി. വീടിന്‍റെ രൂപരേഖ പിഡിഎക്ക് സമര്‍പ്പിച്ച് നിര്‍മാണാനുമതി വാങ്ങിക്കാതെ നിര്‍മിച്ച വീടാണെന്ന് ആരോപിച്ചാണ് പൊളിക്കല്‍ നടപടി. വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മെയ് 10ന് നോട്ടീസ് നൽകിയിരുന്നതായി അധികൃതര്‍ പറയുന്നു.
മെയ് 24ന് ജാവേദിനോട് ഹാജരാകാൻ പറഞ്ഞു. എന്നാല്‍ അന്നേ ദിവസം ജാവേദോ അഭിഭാഷകനോ ഹാജരായില്ല. തുടര്‍ന്ന് മെയ് 25ന് വീട് പൊളിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് മുതിർന്ന പിഡിഎ ഉദ്യോഗസ്ഥൻ പറയുന്നത്. രണ്ട് ജെസിബി ഉൾപ്പെടെ മൂന്ന് മെഷീനുകള്‍ ഉപയോഗിച്ചാണ് വീട് പൊളിച്ചത്.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി. പ്രവാചക നിന്ദക്കെതിരെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം പ്രയാഗ്‌രാജിലും സഹാറൻപൂരിലും പ്രതിഷേധം നടന്നു. തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്‌തു. തുടര്‍ന്ന് കലാപത്തിന് നേതൃത്വം നല്‍കി എന്നാരോപിച്ച് ജാവേദ് അഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read പ്രവാചക നിന്ദ: പ്രതിഷേധത്തിനിടെ അക്രമം, യു.പിയില്‍ അറസ്റ്റിലായത് 304 പേര്‍