ഹിമാചല്‍ പ്രദേശ്/ സോളന്‍ : വിഖ്യാത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ കുടുംബ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ട് ജോലിക്കാരനും മകനും. ഹിമാചല്‍ പ്രദേശ് - സോളനിലെ അനീസ് വില്ലയിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം.
ജോലിക്കാരനായ ഗോവിന്ദ് റാമും മകനും ഉള്‍പ്പെടുന്ന സംഘമാണ് വീട്ടില്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ മറ്റൊരു ജോലിക്കാരന്‍ രാജേഷ് ത്രിപാഠി, സല്‍മാന്‍ റുഷ്‌ദിയുടെ കുടുംബ സുഹൃത്തായ റാണി ശങ്കര്‍ ദാസ്, മകന്‍ അനിരുദ്ധ് ശങ്കര്‍ ദാസ് തുടങ്ങിയവര്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് നേരെ ഗോവിന്ദ് റാമും മകനും അക്രമം അഴിച്ചുവിടുകയായിരുന്നു. ഗോവിന്ദ് റാം വാതില്‍ തകര്‍ത്താണ് അകത്തുകടന്നതെന്നും വീട്ടിലെ കണ്ണാടി സംഘം അടിച്ച് തകര്‍ത്തെന്നും ത്രിപാഠി പറഞ്ഞു.
ഗോവിന്ദ് റാമും മകനും തന്നെ ഭീഷണിപ്പെടുത്തിയതായും ത്രിപാഠി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സാദര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌പി സോളൻ അജയ് കുമാർ റാണ പറഞ്ഞു. ഓഗസ്റ്റ് 12ന് രാത്രി പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ റുഷ്‌ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിപാടിക്കിടെ വേദിയിലേക്ക് ഇരച്ചെത്തിയ അക്രമി റുഷ്‌ദിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ റുഷ്‌ദിയുടെ കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെടുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അദ്ദേഹം ചികിത്സ തുടരവെയാണ്, വീട്ടില്‍ ആക്രമണം നടന്നിരിക്കുന്നത്.