കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുതിർന്ന ബിജെപി നേതാക്കളായ ജെ പി നദ്ദ, കൈലാഷ് വിജയവർഗിയ എന്നിവർക്കെതിരായ ആക്രമണത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മില്‍ തര്‍ക്കം. ബിജെപിയുടെ ആരോപണങ്ങളും തൃണമൂൽ കോൺഗ്രസിന്‍റെ പ്രത്യാരോപണങ്ങളും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് തുടക്കമിട്ടിട്ടുള്ളത്.
ബിജെപി നേതാക്കളുടെ വാഹന വ്യൂഹങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി ബിജെപിയുടെ നാടകം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. നദ്ദക്കെതിരായ ആക്രമണം ബിജെപിക്കാർ തന്നെയാണ് ആസൂത്രണം ചെയ്തതെന്നും തൃണമൂൽ ആരോപിച്ചിരുന്നു. മമത സർക്കാരിന്‍റെ പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസം തന്നെ ആക്രമണമുണ്ടായത് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിന്‍റെ അവസാനം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. 2021 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായി ഡയമണ്ട് ഹാർബറിലേക്ക് പോകുന്നതിനിടെയാണ് ജെപി നദ്ദയും കൈലാസ് വിജയ് വർഗിയയും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം ആക്രമിക്കപ്പെടുന്നത്. യാത്രയിലുടനീളം ബിജെപി നേതാക്കൾക്ക് നേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.