സംബല്‍പുര്‍ (ഒഡിഷ): ഹനുമാൻ ജയന്തി റാലിക്കിടെയുണ്ടായ വർഗീയ സംഘർഷത്തെത്തുടർന്ന് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ച് ഒഡിഷ സർക്കാർ. ബുധനാഴ്‌ച സംബൽപൂരിൽ നടന്ന ഹനുമാൻ ജയന്തി റാലിക്കിടെയുണ്ടായ വർഗീയ സംഘർഷത്തിന്‍റെ പിന്നാലെയാണ് ജില്ലയിലെ ഇന്‍റർനെറ്റ് സേവനങ്ങൾ സര്‍ക്കാര്‍ താത്‌കാലികമായി നിര്‍ത്തിവച്ചത്. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്‌ച രാവിലെ 10 മുതല്‍ 48 മണിക്കൂറാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
വർഗീയ വികാരങ്ങൾ ആളിക്കത്തിക്കാൻ സാധ്യതയുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും ബ്ലോക്ക് ചെയ്‌തതായും ഒഡീഷ ആഭ്യന്തര വകുപ്പിന്‍റെ അറിയിപ്പിലുണ്ട്. സംബൽപൂർ ജില്ലയിലെ ക്രമസമാധാനം തകർക്കുന്നതിനായി വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ തെറ്റായതും പ്രകോപനപരവുമായ സന്ദേശങ്ങൾ അക്രമികൾ പ്രചരിപ്പിക്കുന്നതിനാൽ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. അതിനാല്‍ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ തടയുന്നതെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ബുധനാഴ്‌ച നടന്ന ബൈക്ക് റാലിക്കിടെ പൊട്ടിപുറപ്പെട്ട ആക്രമണത്തില്‍ സംബല്‍പുര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട്, ധനുപാലി പൊലീസ് സ്‌റ്റേഷന്‍ ഐഐസി ഉള്‍പ്പടെ 15 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ആയിരത്തോളം മോട്ടോർ സൈക്കിളുകൾ പങ്കെടുത്ത റാലി നഗരത്തിലെ ധനുപാലി പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഭുദാപാറ, സുനാപ്ലി വഴി കടന്നുപോകുമ്പോൾ കല്ലേറുണ്ടായതായതാണ് അക്രമത്തിലേക്ക് വഴിവച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ അക്രമത്തിന്‍റെ യഥാർഥ കാരണം അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാകൂ.
അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും, ഹനുമാൻ ജയന്തി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലി ജില്ല ഭരണകൂടം തടയുകയും ചെയ്‌തു. തുടര്‍ന്ന് ടൗൺ പൊലീസ് സ്‌റ്റേഷൻ, ധനുപാലി പൊലീസ് സ്‌റ്റേഷൻ, ഖേത്രജ്പൂർ പൊലീസ് സ്‌റ്റേഷൻ, ഐന്തപാലി പൊലീസ് സ്‌റ്റേഷൻ, ബറേപാലി പൊലീസ് സ്‌റ്റേഷൻ, സംബൽപൂരിലെ സദർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ 48 മണിക്കൂറിലേക്ക് ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. സംബൽപൂരിലെ ആറ് പൊലീസ് സ്‌റ്റേഷൻ പരിധികളിലും സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്നും മതിയായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അഡീഷണൽ എസ്പി തപൻ മൊഹന്തി അറിയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഹനുമാന്‍ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ക്രമസമാധാനം ഉറപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്‌ക്കിടെ രാജ്യത്തിന്‍റെ പലഭാഗത്തായി ഉണ്ടായ വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ക്രമസമാധാന സംരക്ഷണം, ഉത്സവത്തിന്‍റെ സമാധാനപരമായ നടത്തിപ്പ്, സമൂഹത്തിനിടയിലെ സാമുദായിക സൗഹൃദം തകര്‍ക്കുന്ന ഘടകങ്ങളെ നിരീക്ഷിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് നിര്‍ദേശമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. അക്രമത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും മന്ത്രാലയം അറിയിച്ചു.