ലഖ്‌നൗ: ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് അഹമ്മദ് വധിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ആതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും എടിഎസ് (ആന്‍റി ടെറര്‍ സ്ക്വാഡ്) ചോദ്യം ചെയ്യുന്നു. ലഷ്‌കര്‍-ഇ-ത്വയ്‌ബ, ഐഎസ്‌ഐ തുടങ്ങിയ ഭീകര സംഘടനകളുമായുള്ള ബന്ധത്തെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. നൈനി സെന്‍ട്രല്‍ ജയിലില്‍ നിന്ന് ധൂമന്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്‌ച വൈകുന്നേരമാണ് എടിഎസ് സംഘം ധൂമന്‍ഗഞ്ച് സ്റ്റേഷനിലെത്തിയത്.
ഉമേഷ് പാല്‍ വധക്കേസിനെ തുടര്‍ന്ന് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലായത് മുതല്‍ ആതിഖിനെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസും എടിഎസും. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് അഹമ്മദിനെ എസ്‌ടിഎഫ് (സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്) ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രയാഗ്‌രാജിലെ ഉമേഷ് പാല്‍ കൊലക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് അസദ് അഹമ്മദ്.
ഉമേഷ് പാല്‍ കൊലക്കേസില്‍ അസദിന്‍റെ കൂട്ടാളിയായ ഗുലാം മുഹമ്മദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അസദ് അഹമ്മദിന്‍റെ മരണത്തിന് പിന്നാലെയാണ് എടിഎസ് ആതിഖ് അഹമ്മദിനെതിരെ കുരുക്ക് മുറുക്കുന്നത്. ഇന്നലെ സിജെഎം കോടതിയാണ് ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. ആതിഖിനും സഹോദരന്‍ അഷ്‌റഫിനും പാകിസ്ഥാനില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബയുമായുള്ള ഇരുവരുടെ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം അന്വേഷിക്കുന്നതിനായാണ് എടിഎസ് സംഘം പ്രയാഗ്‌രാജിലെത്തിയത്. ഭീകര സംഘടകളായ ഐഎസ്‌ഐയുമായും ലഷ്‌കര്‍-ഇ-ത്വയ്‌ബയുമായും ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ആതിഖ് വെളിപ്പെടുത്തിയിരുന്നു. ആതിഖിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യത്തുടനീളമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്നും എങ്ങനെയാണ് സംഘത്തിന് ആയുധങ്ങള്‍ ലഭിക്കുന്നത്? ഐഎസ്‌ഐയുമായി എങ്ങനെ ബന്ധപ്പെട്ടു? ലഷ്‌കര്‍-ഇ-ത്വയ്‌ബയുമായുള്ള ബന്ധം എന്താണ്? ഐഎസ്‌ഐയുമായും ലഷ്‌കര്‍-ഇ-ത്വയ്ബയുമായും ബന്ധപ്പെടേണ്ടതിന്‍റെ ആവശ്യകത എന്താണ്? ആരു മുഖേനയാണ് ഇത്തരം സംഘടനകളുമായി ബന്ധം സ്ഥാപിച്ചത്? തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ എടിഎസ് ഇവരില്‍ നിന്നും ചോദിച്ചറിയുന്നത്.
ഏറ്റുമുട്ടലില്‍ പൊലിഞ്ഞ് മുഖ്യപ്രതിയും കൂട്ടാളിയും: വ്യാഴാഴ്‌ച ഝാന്‍സിയിലെ ബബിന മേഖലയില്‍ വച്ചാണ് ആതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാം മുഹമ്മദും കൊല്ലപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ടാസ്‌ക് ഫോഴ്‌സ് ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളുടെ എണ്ണം നാലായി കുറഞ്ഞു.
ഉമേഷ് പാല്‍ വധക്കേസില്‍ അറസ്റ്റിലായ ആതിഖ് അഹമ്മദിനെ സബര്‍മതിയില്‍ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടു പോകുന്ന വാഹന വ്യൂഹത്തിന് നേരെ അക്രമം നടത്താനായിരുന്നു അസദ് അഹമ്മദിന്‍റെയും കൂട്ടാളി ഗുലാം മുഹമ്മദിന്‍റെയും നീക്കം. എന്നാല്‍ ഇവരുടെ പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചതോടെ ടാസ്‌ക് ഫോഴ്‌സ് ഇരുവരെയും തടഞ്ഞ് നിര്‍ത്തുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വെടി വച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
Also Read: കോടതിയിൽ തളർത്തിയത് മകന്‍റെ മരണവാർത്ത; ആതിഖ് അഹമ്മദിനെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി