ഹൈദരാബാദ്: ഹൈദരാബാദ് കുക്കട്പള്ളി എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മിൽ പണം നിറക്കുന്നതിനിടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ പൊലീസ് പിടിയിൽ. രണ്ടാമത്തെ പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് എടിഎമ്മിൽ പണം നിറക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വെടിവയ്ക്കുകയും അഞ്ച് ലക്ഷം രൂപയുമായി കടന്നുകളയുകയുമായിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥൻ അലിബയാഗാണ് കൊല്ലപ്പെട്ടത്. കസ്റ്റോഡിയൻ ശ്രീനിവാസിന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ സംഘറെഡ്ഡിയിലേക്ക് പോയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
അന്തർസംസ്ഥാന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വെറും 5 ലക്ഷം രൂപയ്ക്ക് ഇത്തരമൊരു ആക്രമണം നടത്തുമോ എന്നും പൊലീസ് സംശയിക്കുന്നു.