ന്യൂഡൽഹി: എടിഎം സേവനങ്ങള്‍ക്കുള്ള ചാർജ് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരാം. അതിന് ശേഷമുള്ള ഓരോ സാമ്പത്തിക ഇടപാടുകൾക്കുമുളള ചാർജ് 2022 ജനുവരി 1 മുതൽ 20 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്തും.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്ന് തവണ സൗജന്യമായി പണം പിന്‍വലിക്കാം. മെട്രോ ഇതര കേന്ദ്രങ്ങളിൽ നിന്ന് അഞ്ച് ഇടപാടുകളും നടത്താം. ഇത് സംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുകയും ചെയ്‌തു.
ഓരോ സാമ്പത്തിക ഇടപാടിനുമുളള ഇന്‍റർചേഞ്ച് ഫീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ 15 രൂപയില്‍ നിന്നും 17 രൂപയായി വർധിക്കും. സാമ്പത്തികേതര ഇടപാടുകളുടെ ഫീസ് അഞ്ചു രൂപയിൽ നിന്ന് ആറു രൂപയാകും.
എ.ടി.എം ട്രാൻസാക്ഷൻ സംബന്ധിച്ചുള്ള ഫീസുകളെ കുറിച്ച് അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവിന്‍റെ അധ്യക്ഷ്യതയിൽ 2019 ജൂണിൽ റിസർവ് ബാങ്ക് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സമിതിയുടെ ശുപാർശകൾ സമഗ്രമായി പരിശോധിച്ച ശേഷം എടിഎം ഇടപാടുകൾക്കുള്ള ഇന്‍റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്‌റ്റിലാണ്. അതേസമയം ഉപഭോക്താക്കൾ നൽകേണ്ട നിരക്കുകൾ അവസാനമായി പരിഷ്‌കരിച്ചത് 2014 ഓഗസ്‌റ്റിലാണ്.
Also Read:'ബില്‍ഡ് ബാക്ക് ബെറ്റർ' ; ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും