പ്രയാഗ്‌രാജ്: മാഫിയ തലവന്‍ അതിഖ് അഹമ്മദിന്‍റേയും സഹോദരന്‍ അഷ്‌റഫിന്‍റേയും കൊലപാതകത്തിന് പിന്നാലെ ഇരുവരുടേയും പത്നിമാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുമെന്ന് അഭ്യൂഹം. ഭര്‍ത്താക്കന്മാരുടെ ദാരുണമായ കൊലപാതകത്തിന് പിന്നാലെയാണ് അതീഖിന്‍റെ ഭാര്യ ഷൈസ്‌ത പര്‍വീണും അഷ്‌റഫിന്‍റെ ഭാര്യ സൈനബ് ഫാത്തിമയും പൊലീസില്‍ കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതി കൂടിയായ അതീഖിന്‍റെ ഭാര്യ ഷൈസ്‌ത പര്‍വീനെ പിടികൂടി നല്‍കിയാല്‍ 50,000 രൂപ പാരിതോഷികവും നിലനില്‍ക്കെയാണ് അവര്‍ നേരിട്ടെത്തി കീഴടങ്ങുന്നത്.
മകന്‍ അസദും കൂട്ടാളിയും കഴിഞ്ഞദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിന് പിന്നാലെ തന്നെ അതിഖിന്‍റേയും സഹോദരന്‍റേയും ഭാര്യമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതീക്ഷവച്ചിരുന്നു. മാത്രമല്ല അസദിന്‍റെ അന്ത്യകർമങ്ങൾക്കിടെ ബുർഖ ധരിച്ച ഒരു സ്‌ത്രീയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത് ഷൈസ്‌ത പര്‍വീണ്‍ ആയിരുന്നോ എന്നത് സ്ഥിരീകരിച്ചിരുന്നില്ല. ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങുമെന്ന വാര്‍ത്തകളെത്തുന്നത്.
അതേസമയം, അതിഖിന്‍റേയും അഷ്‌റഫിന്‍റേയും മൃതദേഹങ്ങൾ ഞായറാഴ്‌ച ഉച്ചയോടെ മോത്തിലാൽ നെഹ്‌റു ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് പോസ്‌റ്റ്‌മോർട്ടത്തിനായി എസ്ആർഎം ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചിരുന്നു. അതിഖിന്‍റെ മകന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഇവരുടെ പൂര്‍വിക ഗ്രാമത്തിലെ കസരി മസാരി ഖബർസ്ഥാനിൽ ഇരുവര്‍ക്കുമായി ഖബറുകള്‍ കുഴിക്കുകയാണെന്നുമാണ് അറിയുന്നത്.
ഹൃദയം തകര്‍ന്ന സഹോദരന്‍: പിതാവിന്‍റേയും പിതൃസഹോദരന്‍റേയും കൊലപാതകത്തെക്കുറിച്ച് ജയിലധികൃതർ അറിയിച്ചതിന് പിന്നാലെ ലഖ്‌നൗ ജയിലിൽ കഴിയുന്ന അതിഖിന്‍റെ മൂത്തമകന്‍ ഉമർ ബോധരഹിതനായി വീണിരുന്നു. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ജലില്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്‌ച സഹോദരന്‍ അസദിന്‍റെ മരണത്തെ തുടര്‍ന്ന് ഉമര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നും സംസ്‌കാര ചടങ്ങ് ടിവിയില്‍ കാണണമെന്ന് കഴിഞ്ഞദിവസം ഇയാള്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊലപാതകം ഇങ്ങനെ: ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും നടുറോഡിൽ വച്ച് അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തുന്നത്. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയായിരുന്നു അക്രമികൾ ഇവര്‍ക്കുനേരെ വെടിയുതിർത്തത്. അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനേയും കൂട്ടാളിയേയും കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് എസ്‌ടിഎഫ് സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനേയും അഷ്‌റഫിനേയും അക്രമിസംഘം വകവരുത്തിയത്.
നിരോധനാജ്ഞ, ഇന്‍റര്‍നെറ്റ് വിച്ഛേദം: കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ക്രിമിനൽ നടപടി ചട്ടത്തിലെ 144ാം വകുപ്പ് പ്രകാരം ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല സുരക്ഷാനടപടികളുടെ ഭാഗമായി പ്രയാഗ്‌രാജ് ജില്ലയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ്.