പ്രയാഗ്‌രാജ് (ഉത്തർ പ്രദേശ്): വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീണിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. 53 ദിവസത്തിലേറെയായിട്ടും ഷൈസ്‌ത പർവീണിനെ പിടികൂടാനാകാത്തതിനാൽ തന്നെ സംസ്ഥാനത്തുടനീളം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. അതേസമയം ഷൈസ്‌തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉമേഷ് പാൽ വധക്കേസിന്‍റെ ഗൂഢാലോചനയിൽ ഷൈസ്‌ത പർവീണും ഭാഗമായിരുന്നു. എൻകൗണ്ടറിൽ കൊല്ലപ്പെട്ട മകൻ അസദിന്‍റെ ശവസംസ്‌കാര ചടങ്ങുകളിൽ ഷൈസ്‌ത പങ്കെടുക്കുമെന്നായിരുന്നു പൊലീസിന്‍റെ പ്രതീക്ഷ. എന്നാൽ ഷൈസ്‌ത ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇതിന് ശേഷം ഏപ്രിൽ 15ന് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഷൈസ്‌ത കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം.
അതിഖിന്‍റെയും അഷ്‌റഫിന്‍റെയും അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഷൈസ്‌ത എത്തുമെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി മൂന്ന് ദിവസമായി അതിഖ് അഹമ്മദിന്‍റെ വീട്ടിലും സെമിത്തേരിയിലും വനിത പൊലീസുകാരെ ഉൾപ്പെടെ വിന്യസിച്ചിരുന്നു. എന്നാൽ ഷൈസ്‌ത ഭർത്താവിന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്താതിരുന്നതോടെ പൊലീസിന്‍റെ പദ്ധതികളെല്ലാം പൊളിയുകയായിരുന്നു.
ഷൈസ്‌ത ആത്മഹത്യ ചെയ്‌തോ? അതേസമയം ഷൈസ്‌ത പർവീണ്‍ ആത്മഹത്യ ചെയ്‌തതായും അഭ്യൂഹങ്ങളുണ്ട്. ഉമേഷ് പാലിന്‍റെ കൊലപാതകത്തിന് മുമ്പും ശേഷവും ഭർത്താവിനും മകനും വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തിപ്പിന്‍റെ നിയന്ത്രണം നടത്തിയിരുന്നത് ഷൈസ്‌ത പർവീണായിരുന്നു. അതിനാൽ തന്നെ ഷൈസ്‌ത പർവീണ്‍ ജീവിച്ചിരുന്നെങ്കിൽ ഭർത്താവിന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ തീർച്ചയായും എത്തുമായിരുന്നുവെന്നാണ് പൊതുവെയുള്ള സംസാരം.
എന്നാൽ കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തോടെ എൻകൗണ്ടർ ഭയം ഷൈസ്‌തയേയും അലട്ടുന്നുണ്ടാകാമെന്നും അതുകൊണ്ടാണ് പൊലീസിൽ കീഴടങ്ങാത്തതെന്നുമാണ് ഉയർന്നുവരുന്ന മറ്റൊരു ആരോപണം. ഉമേഷ് പാലിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഷൈസ്‌ത ഒളിവിൽ പോയത്.
ഉമേഷ് പാൽ കൊലക്കേസിലെ പ്രതി: ഉമേഷ് പാലിന്‍റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതിഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഭാര്യ ഷൈസ്‌ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഷൂട്ടർ ഗുലാം തുടങ്ങി ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗുജറാത്തിലെ സബർമതി ജയിലിൽ അതിഖ് അഹമ്മദ് തടവ് ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് ഷൈസ്‌ത നിരന്തരം അതിഖിനെ കാണാൻ എത്തുമായിരുന്നു.
നേരത്തെ ഏപ്രിൽ 13ന് ഝാൻഡിയിൽ യുപി എസ്‌ടിഎഫ് നടത്തിയ ഏറ്റുമുട്ടലിലാണ് അതിഖ് അഹമ്മദിന്‍റെ മകൻ അസദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടത്. അസദിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അതിഖിനെ പൊലീസ് അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അക്രമി സംഘം അതിഖിനെയും അഷ്‌റഫിനെയും നടുറോഡിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. മാധ്യമ പ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ പോയിന്‍റ് ബ്ലാങ്കിൽ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. മകൻ അസദ് അഹമ്മദ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അതിഖും സഹോദരനും കൊല്ലപ്പെട്ടത്.
അതിഖിന്‍റെ മക്കളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്: ആക്രമണ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അതിഖിന്‍റെയും സഹോദരന്‍റെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പ്രയാഗ് രാജിലെ കസരി മസാറിയിലെ ഖബറിടത്തില്‍ സംസ്‌കരിച്ചത്.
അതിഖിന്‍റെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈൽ ഹോമിൽ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. അതേസമയം അതിഖിന്‍റെ ഈ രണ്ട് മക്കളെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.