ന്യൂഡല്‍ഹി: വിമാനയാത്രകള്‍ക്കും ഇനി ചെലവ് കൂടും. വിമാന ഇന്ധനത്തിന്‍റെ(Aviation turbine fuel) വില ഇന്ന്(1.04.2022) രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ വിമാന ഇന്ധനങ്ങളുടെ വില സര്‍വകാല റെക്കോഡിലായി. ഈ വര്‍ഷം ഏഴ് പ്രാവശ്യമാണ് വിമാന ഇന്ധനങ്ങളുടെ വില പൊതുമേഖല എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്.
വിമാന ഇന്ധനത്തിന് ഒരു കിലോ ലിറ്ററിന് ഇന്ന് (01.04.2022) 2,258.54 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോലിറ്ററിന് 1,12,924.83 രൂപയായി. അതേസമയം പെട്രോളിനും ഡീസലിനും ഇന്ന് വില വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രാജ്യത്ത് 6.40 രൂപയാണ് എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്.
ഈ വര്‍ഷം 50 ശതമാനത്തിനടുത്താണ് വിമാന ഇന്ധനങ്ങളുടെ വില വര്‍ധിപ്പിച്ചത്. അതായത് ഒരു കിലോലിറ്ററിന് 38,902.92 രൂപയുടെ വര്‍ധനവ്. ഒരു എയര്‍ലൈന്‍സ് കമ്പനിയുടെ നടത്തിപ്പ് ചെലവിന്‍റെ നാല്‍പത് ശതമാനവും ഇന്ധനങ്ങള്‍ക്കായുള്ള ചെലവാണ്. അതുകൊണ്ട് തന്നെ വിമാന യാത്ര ചെലവില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര വിപണയിലെ രണ്ടാഴ്‌ചയിലെ വില നിലവാരം കണക്കാക്കി ഒരോമാസവും ഒന്നാം തിയതിയും 16ാം തിയതിയുമാണ് വിമാന ഇന്ധനത്തിന്‍റെ വില എണ്ണകമ്പനികള്‍ പുനര്‍ നിര്‍ണയിക്കുന്നത്. വിമാന ഇന്ധനത്തിന് മാര്‍ച്ച് 16ന് 18.3 ശതമാനമാണ് വര്‍ധിപ്പിച്ചത് (ഒരു കിലോ ലിറ്ററിന് 17,135.63 രൂപ). രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു അത്.
ALSO READ: ദുസഹമായി ജനജീവിതം: മരുന്നിനും വെള്ളത്തിനും ഭൂമിക്കും… പൊള്ളുന്ന വില, പുതിയ മാറ്റങ്ങള്‍ അറിയാം