മുംബൈ : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയില്‍ നിന്നും കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ. ദുബായ് ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയുടെ ചെയർമാൻ ആസാദ് മൂപ്പനാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഒരു പ്രത്യേക സ്ഥാപനത്തിന്‍റെ കീഴിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
35 വർഷം പഴക്കമുള്ള ആശുപത്രി, 1987 ഡിസംബറിലാണ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത്. ജി.സി.സി വിപണികളിൽ നിന്നാണ് 80 ശതമാനം വരുമാനവും ലഭിക്കുന്നത്. 1,000 കിടക്കകളാണ് അവിടെയുള്ളത്. ഇന്ത്യയില്‍ നാലായിരമാണുള്ളത്. ഗ്രൂപ്പിന് 455 സ്ഥാപനങ്ങളുണ്ട്. 27 ആശുപത്രികൾ, 126 ക്ലിനിക്കുകൾ, 300 ഫാർമസികൾ എന്നിവ.
ALSO READ: ജഡ്‌ജിമാര്‍ സ്വയം ജഡ്‌ജിമാരെ നിയമിക്കുന്നുവെന്നത് മിഥ്യാധാരണയെന്ന് ചീഫ് ജസ്റ്റിസ് രമണ
2021 സാമ്പത്തിക വർഷം ഏകദേശം 10,000 കോടിയാണ് ഗ്രൂപ്പിന്‍റെ വരുമാനം. അതിൽ 2,500 കോടി രൂപ ഇന്ത്യയിൽ നിന്നാണ് ലഭിച്ചത്. ഇന്ത്യയിലെ നിക്ഷേപകരെ സഹായിക്കുന്നതിനായാണ് ജി.സി.സി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്നത്. 25,000 കോടി രൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആകെ വരുമാനത്തിന്‍റെ 50 ശതമാനം ഇന്ത്യയില്‍ നിന്ന് സ്വരുക്കൂട്ടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.