ന്യൂഡല്‍ഹി : സ്വന്തം തട്ടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ നെടുനായകത്വത്തില്‍ പാര്‍ട്ടിയുടെ മറ്റ് സുപ്രധാന നേതാക്കളെയാകെ അണിനിരത്തി അഴിച്ചുവിട്ട ശക്തമായ പ്രചാരണത്തിന്‍റെ ഫലമാണ് രാഷ്ട്രീയ-ഭരണ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള ബിജെപിയുടെ ഗുജറാത്തിലെ ചരിത്ര വിജയം. സ്ഥാനാര്‍ഥിയെ മറന്നേക്കൂ, താമരയ്ക്കുള്ള വോട്ട് മോദിയ്ക്കുള്ളതാണെന്ന അദ്ദേഹത്തിന്‍റെ അഭ്യര്‍ഥനയെ വോട്ടര്‍മാര്‍ ഏറ്റെടുത്തതിന്‍റെ പ്രതിഫലനം ഫലത്തില്‍ പ്രകടമാണ്. അത്തരത്തില്‍ സംസ്ഥാന നിയമസഭയില്‍ സമഗ്രാധിപത്യമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നത്.
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ അടിത്തറ തകര്‍ത്തുകൊണ്ടാണ് ബിജെപി വിജയം. നിയമസഭയില്‍ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുത്ത് മുന്നേറാന്‍ പാര്‍ട്ടിക്ക് ഈ വിജയം അത്രമേല്‍ സ്വാതന്ത്ര്യം നല്‍കും. ദലിത് പ്രശ്‌നങ്ങളില്‍, ബില്‍കിസ് ബാനോ ബലാത്സംഗ കേസില്‍ അല്ലെങ്കില്‍ മറ്റ് ജനകീയ വിഷയങ്ങളില്‍ നിയമസഭയില്‍ ബിജെപിക്കെതിരെ ശക്തമായ ശബ്‌ദമുയരാനുള്ള സാധ്യതയെ വിരളമാക്കുംവിധമാണ് ഭരണത്തുടര്‍ച്ച. പ്രതിപക്ഷത്തെ ശുഷ്‌കമായ അംഗസംഖ്യ അക്കാര്യം അടിവരയിടുന്നു. ഫലത്തില്‍ ഭരണവിരുദ്ധവികാരമുയര്‍ത്തി ശക്തമായ പ്രതിഷേധമുയര്‍ത്താനുള്ള അംഗബലം പ്രതിപക്ഷത്തിന് കൈമോശം വന്നിരിക്കുന്നു.
മോദീപ്രഭാവത്തിന് വോട്ടുതേടി മറ്റെല്ലാം അപ്രസക്തമാക്കിക്കൊണ്ടുള്ള വിജയമാണ് ബിജെപി നേടിയത്. സര്‍ക്കാരിനോടോ പാര്‍ട്ടിയോടോ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും 'ഈ മണ്ണിന്‍റെ പുത്രനായ മോദിക്ക് വോട്ടുചെയ്യൂ' എന്ന അഭ്യര്‍ഥനയാണ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും മുന്നോട്ടുവച്ചത്. അതിന് സ്വീകാര്യത ലഭിച്ചതായി ഫലം സാക്ഷ്യപ്പെടുത്തുന്നു.
മറുപക്ഷത്താണെങ്കില്‍ കോണ്‍ഗ്രസ്, എഎപി, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികള്‍ പരസ്‌പരം പോരടിക്കുകയും വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്‌തതായി കാണാം. എഐഎംഐഎം അല്ലാത്ത പാര്‍ട്ടികളില്‍ നിന്നുതന്നെ നിരവധി മുസ്ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടും അതിന്‍റെ ആനുകൂല്യം ആ കക്ഷികള്‍ക്ക് ലഭിച്ചില്ലെന്നും കാണാം.
വ്യക്തവും കൃത്യവും ഫലപ്രദവുമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതാണ് ബിജെപിക്ക് അത്യുജ്വല വിജയമൊരുക്കിയത്. സൂറത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എഎപി 27 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇതും ഒവൈസിയുടെ നിരന്തരമായ ഗുജറാത്ത് സന്ദര്‍ശനവുമടക്കം ബിജെപി സസൂക്ഷ്‌മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്‌തു. അതേസമയം തന്നെ, സംസ്ഥാനത്ത് വേരുറപ്പിച്ചിട്ടുള്ള കോണ്‍ഗ്രസാണ് പ്രധാന വെല്ലുവിളിയുയര്‍ത്തുക എന്നതിനാല്‍ അവരെ നിലംപരിശാക്കാനുള്ള പ്രചാരണങ്ങളും അഴിച്ചുവിട്ടു, വിശേഷിച്ച് കോണ്‍ഗ്രസിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി സൗരാഷ്ട്ര മേഖലയില്‍ നിന്നാണ് പ്രചാരണം തുടങ്ങിയതുതന്നെ. സംസ്ഥാനത്തുടനീളം അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും കേന്ദ്രീകരിച്ചത് ഇവിടെയായിരുന്നു. നിരവധി റാലികളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് തട്ടകത്തില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത് പ്രതിപക്ഷത്തെ അദ്ദേഹം കടന്നാക്രമിച്ചു. 2017ല്‍ ഈ മേഖലയില്‍ ആകെയുള്ള 48 സീറ്റുകളില്‍ നിന്ന് 17 എണ്ണം കോണ്‍ഗ്രസ് നേടിയിരുന്നു.
ഇവിടെ ബിജെപിക്ക് 19 സീറ്റുകളുമായിരുന്നു. നോര്‍ത്ത് ഗുജറാത്തിലെ 53 സീറ്റുകളില്‍, മോദീസ്ഥലമായ വഡ്‌നഗര്‍ ഉള്‍പ്പെടുന്ന ഇടങ്ങളിലടക്കം 24 സീറ്റുകളില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. വഡ്‌നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 19,000 വോട്ടിന്‍റെ മികച്ച വിജയം നേടിയിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തി ഈ മേഖല കേന്ദ്രീകരിച്ചും മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. അത് ഫലം കാണുകയും ചെയ്‌തു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സമൂഹത്തിന്‍റെ അടിത്തറയില്‍ നിന്ന് മുഖ്യധാരയിലേക്ക് പ്രസരിപ്പിക്കാനായത് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഈ നിലയല്ല ഹിമാചല്‍ പ്രദേശില്‍ ഉണ്ടായതെന്ന് കാണാം. ഇവിടെയവര്‍ക്ക് ഭരണം നിലനിര്‍ത്താനാവശ്യമായ സീറ്റുകള്‍ നേടാനായില്ല. നിശ്ചിത ശതമാനം മുസ്ലിം ജനസാമാന്യമുള്ള ഇവിടെ ഹിന്ദുത്വ ആശയപ്രചാരണം ഫലവത്തായില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുകയും ചെയ്‌തു. പഴയ പെന്‍ഷന്‍ സ്‌കീം പുനരാരംഭിക്കുമെന്ന കോണ്‍ഗ്രസ് വാഗ്‌ദാനം അവരെ തുണച്ചെന്നാണ് പാര്‍ട്ടിയുടെ വിജയം വ്യക്തമാക്കുന്നത്. ഇനി മഞ്ഞുമലകളുടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. ഗുജറാത്ത് ജനത തുടര്‍ച്ചയെ പുണര്‍ന്നപ്പോള്‍ മാറി മാറി പാര്‍ട്ടികളെ തെരഞ്ഞെടുക്കുന്ന രീതി ഹിമാചല്‍ ഇക്കുറിയും കൈവിട്ടില്ല. പക്ഷേ ഗുജറാത്തിലെ അത്യുജ്വല വിജയത്തിന്‍റെ പ്രഭാവം വരും വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കരുത്താകും. അത് പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയാവുകയും ചെയ്യും.