ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ ഫല സൂചനകളില്‍ തെലങ്കാനയിലും ചത്തീസ്‌ഗഡിലും കോൺഗ്രസിന് ലീഡ്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് മുന്നിലുള്ളത്. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചയുടൻ തന്നെ തെലങ്കാനയില്‍ കോൺഗ്രസ് മുന്നേറ്റത്തിന്‍റെ സൂചനകളാണ് പുറത്തുവന്നത്. തെലങ്കാനയില്‍ 33 സീറ്റില്‍ മാത്രമാണ് ബിആർഎസ് മുന്നിലുള്ളത്. 60 സീറ്റില്‍ കോൺഗ്രസ് മുന്നിലാണ്. ബിജെപി രണ്ടിടത്തും ഏഴിടത്ത് എംഐഎമ്മും മുന്നിലാണ്.
അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും ആദ്യ ഘട്ടത്തില്‍ ഫലസൂചനകൾ മാറിമറിഞ്ഞെങ്കിലും വോട്ടെണ്ണല്‍ ഒരു മണിക്കൂർ പിന്നിട്ടതോടെ ബിജെപി മുന്നിലെത്തി. രാജസ്ഥാനില്‍ 104 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. 76 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിലുള്ളത്. മധ്യപ്രദേശില്‍ 109 സീറ്റില്‍ ബിജെപിയും 86 സീറ്റില്‍ കോൺഗ്രസും മുന്നിലാണ്.
ഛത്തീസ്‌ഗഡില്‍ ആദ്യ മണിക്കൂറില്‍ ബിജെപി മുന്നിലെത്തിയെങ്കിലും പിന്നീട് കോൺഗ്രസ് അത് തിരിച്ചുപിടിക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. 44 സീറ്റിലാണ് ഛത്തീസ്‌ഗഡില്‍ കോൺഗ്രസ് മുന്നിലുള്ളത്. 28 സീറ്റില്‍ ബിജെപിയും മുന്നിലാണ്.
മുന്നണികളും പാർട്ടികളും നടത്തിയ ശക്തമായ പ്രചാരണവും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ആദ്യമണിക്കൂറിലെ ഫലസൂചനകൾ കൊണ്ട് അർഥമാക്കുന്നത്. മധ്യപ്രദേശില്‍ കോൺഗ്രസ് നേതാവ് കമല്‍ നാഥ്, ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ, തെലങ്കാനയില്‍ കെ ചന്ദ്രശേഖർ റാവു, രാജസ്ഥാനില്‍ അശോക് ഗെലോട്ട് എന്നിവർ മുന്നിലാണ്.