ന്യൂഡൽഹി: അസം-മിസോറാം അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അസം പൊലീസ്.
അസം പൊലീസ് സേനയിലെ ആറ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നാണ് അസം ഡിജിപി ജി.പി. സിങ് അറിയിച്ചത്.
ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കായിരുന്നു ജീവഹാനിയുണ്ടായത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംഘര്‍ഷം ഒഴിവാക്കാന്‍ മിസോറാമിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ തുടര്‍ന്ന് അസം-മിസോറാം പ്രദേശം സന്ദർശിക്കാൻ അസം മുഖ്യമന്ത്രി സംസ്ഥാന ജലവിഭവ മന്ത്രി പീയൂഷ് ഹസാരികയെ നിയോഗിക്കുകയും ചെയ്‌തിരുന്നു.
സംഘര്‍ഷ കാരണം നുഴഞ്ഞുകയറ്റ ആരോപണം
മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകള്‍ അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.
ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്‌പരം നുഴഞ്ഞുകയറ്റം ആരോപിക്കുമ്പോഴാണ് ഈ ജില്ലകളുടെ അതിര്‍ത്തികളില്‍ ഇടയ്ക്കിടെ സംഘര്‍ഷമുണ്ടാകുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലും നുഴഞ്ഞുകയറ്റം ആരോപിച്ച് ഏറ്റുമുട്ടലുണ്ടായിരുന്നു.
Also Read: അസം, മിസോറാം ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കാണും