ദിസ്പൂര്‍: അസം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ഏപ്രിൽ 6ന് നടക്കും. സംസ്ഥാനത്ത 11 ജില്ലകളിലായി 40 നിയോജകമണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 11,401 പോളിങ് സ്റ്റേഷനുകളിലാി 39,07,963 സ്ത്രീകളും 139 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 79,19,641 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 31 ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 337 സ്ഥാനാർഥികളുടെ വിധി ചൊവ്വാഴ്ച വോട്ടർമാർ തീരുമാനിക്കും. 337 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്.
മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിലായാണ് അസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 47 നിയമസഭാ മണ്ഡലങ്ങളിലായി മൊത്തം 264 സ്ഥാനാർഥികൾ മാർച്ച് 27 ന് ആദ്യ ഘട്ടത്തിൽ മത്സരിച്ചു. 39 മണ്ഡലങ്ങളിൽ നിന്ന് 345 സ്ഥാനാർഥികൾ ഏപ്രിൽ ഒന്നിന് നടന്ന രണ്ടാം ഘട്ടത്തിലും ജനവിധി തേടി.
അതേസമയം, പരിസ്ഥിതി സൗഹൃദ പോളിങ് സ്റ്റേഷനുകൾ അസമിലെ വോട്ടർമാർക്ക് പുതിയ ആകർഷണമായി. നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും കൊവിഡ് പാൻഡെമിക് മൂലം ശാരീരിക അകലം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നു. ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം പരമാവധി ആയിരം ആയി കുറച്ചിട്ടുണ്ട്. ഇതേതുടർന്ന് പോളിങ് ബൂത്തുകളുടെ എണ്ണം 2016 ലെ 24,890 ൽ നിന്ന് 34.71 ശതമാനം വർധിച്ച് 33,530 ആയി.