ഗുവാഹത്തി : അസം - മേഘാലയ അതിർത്തി തർക്കം (Border Dispute Between Assam and Meghalaya) പരിഹാരത്തിലേക്ക്. 12 മേഖലകളിലെ പ്രശ്‌നങ്ങളിൽ ആറെണ്ണം ഇതിനകം പരിഹരിച്ച് കഴിഞ്ഞിരുന്നു. ശേഷിക്കുന്ന പ്രശ്‌നങ്ങൾ വരാനിരിക്കുന്ന ദുർഗ പൂജയ്‌ക്കിടെ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി തലത്തിൽ നിരവധി ചർച്ചകൾ നടത്തുകയും മന്ത്രിതല പ്രാദേശിക സമിതി രൂപീകരിക്കുകയും ചെയ്‌തിരുന്നു. അസം - മേഘാലയ അതിർത്തിയിലെ 12 പ്രദേശങ്ങളാണ് തർക്ക മേഖലയായി കണക്കാക്കിയിരുന്നത്. ആദ്യഘട്ടം എന്ന നിലയിൽ കഴിഞ്ഞ വർഷം മാർച്ച് 29 ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ആദ്യ ആറ് മേഖലകളിൽ സമവായത്തിലെത്തി കരാറിൽ ഒപ്പുവച്ചത്.
ഇത് പ്രകാരം ദിസ്‌പൂർ മണ്ഡലത്തിലെ പിലിംഗ്‌കത, ബോക്കോ മണ്ഡലത്തിലെ ഹാഹിം, ഗിജാങ് ആൻഡ് താരാബാരി, വെസ്റ്റ് ഗുവാഹത്തി മണ്ഡലത്തിലെ ബക്രപാര, കച്ചാറിലെ കതിഗര മണ്ഡലത്തിലെ താരസോർ എന്നീ ആറ് സ്ഥലങ്ങളിലെ പ്രശ്‌നങ്ങളാണ് തീർപ്പാക്കിയത്. നിലവിൽ, ലാമ്പി, ബോർഡുവാർ, ഡെസ് ദുമാരിയ എന്നിവിടങ്ങളിലെയും പ്രശ്‌നങ്ങളും ഏറെക്കുറെ പരിഹരിക്കപ്പെട്ടതായാണ് വിവരം. അതിർത്തി പ്രദേശങ്ങളിലെ ബ്ലോക്ക്-1, ബ്ലോക്ക്-II, കർബി ആംഗ്ലോംഗ് ജില്ലയിലെ ഖണ്ഡുലി എന്നീ മേഖലയിലെ പ്രശ്‌നങ്ങളാണ് സങ്കീർണമായി തുടരുന്നത്.
അതിർത്തി ചർച്ചകളെ അസാധുവാക്കി പുതിയ പ്രശ്‌നങ്ങൾ : ഇതിന് പിന്നാലെ അസമിലെ ബർപത്തറിന് സമീപം മേഘാലയയിലെ ജനങ്ങൾ സർക്കാർ ജലവിതരണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വഷളായിരുന്നു. ജലവിതരണ കേന്ദ്രം സ്ഥാപിക്കുന്നത് അസമിലെ ജനങ്ങൾ തടഞ്ഞതിന് പിന്നാലെ മേഘാലയയിൽ നിന്നുള്ള ഒരു വിഭാഗം ആളുകൾ അസമിലെ നിരവധി വീടുകൾ തകർത്തു. ഇത് അതിർത്തി പ്രശ്‌നപരിഹാരത്തെ ദോഷകരമായി ബാധിച്ചിരുന്നു. അസം - മേഘാലയയിലെ പ്രശ്‌ന പരിഹാരത്തിനായി അസം സർക്കാരും മേഘാലയ സർക്കാരും മൂന്ന് കമ്മിറ്റികൾ വീതമാണ് രൂപീകരിച്ചത്. പിന്നാലെ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
അസം - മേഘാലയ അതിർത്തി തർക്കത്തിന്‍റെ തുടക്കം : വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ വിലയേറിയ മരങ്ങൾ നിറഞ്ഞ മുക്രോ മേഖല തങ്ങളുടേതാണെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെട്ടിരുന്നു. പിന്നീട് പ്രദേശത്തെ മരങ്ങൾ കൊള്ളയടിക്കപ്പെടാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലുകളിൽ അസമിൽ നിന്നുള്ള ഫോറസ്റ്റ് ഗാർഡും മേഘാലയയിലെ ഖാസി സമുദായത്തിൽ നിന്നുള്ള അഞ്ച് പേരും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഇത് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ആ സ്ഥിതി ഇപ്പോഴും തുടരുകയാണ്. ഇതിനിടെ നാഗാലാൻഡ്, മിസോറാം, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ തുടങ്ങി അസമുമായി അതിർത്തി പങ്കിടുന്ന അഞ്ച് സംസ്ഥാനങ്ങൾ ഭൂമി കയ്യേറ്റം നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.