ഗുവാഹതി: ഭഗവദ് ഗീതയിലെ ചാതുര്‍ വര്‍ണ്യ ശ്ലോകം തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തതില്‍ ഖേദം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ (Assam CM Himanta Biswa Sarma Gita sloka controversy). തന്‍റെ സംഘത്തിലുള്ള ഒരാളാണ് ഈ ശ്ലോകം പോസ്റ്റ് ചെയ്‌തതെന്ന് വ്യക്തമാക്കിയ ശര്‍മ്മ, അത് കണ്ട ഉടന്‍ തന്നെ താന്‍ നീക്കം ചെയ്തെന്നും വ്യക്തമാക്കി (Himanta Biswa Sarma apology on controversial jaati sloka from gita).
നിത്യവും താന്‍ ഭഗവദ് ഗീതയുടെ ഒരു ശ്ലോകം തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 668 ശ്ലോകങ്ങളാണ് പോസ്റ്റ് ചെയ്‌തിട്ടുള്ളത്. അടുത്തിടെ തന്‍റെ സംഘത്തിലുള്ള ഒരാളാണ് പതിനെട്ടാം അധ്യായത്തിലെ 44-ാം ശ്ലോകം തെറ്റായ മൊഴിമാറ്റത്തോടെ തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തതെന്നും ഹിമന്ദ എക്‌സില്‍ കുറിച്ചു.
തെറ്റ് മനസിലായ ഉടന്‍ തന്നെ താനത് നീക്കം ചെയ്യുകയുണ്ടായി. അസം ശരിക്കും ജാതി രഹിത സമൂഹമാണ്. മഹാപുരുഷ് ശ്രീമന്ദ ശങ്കരദേവ നടത്തിയ പോരാട്ടങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീക്കം ചെയ്‌ത പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിയും പശുവളര്‍ത്തലും കച്ചവടവുമാണ് വൈശ്യരുടെ പ്രധാന ജോലിയെന്നും ബ്രാഹ്മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കലാണ് ശൂദ്രരുടെ ജോലിയെന്നും പറയുന്ന ശ്ലോകമായിരുന്നു പോസ്റ്റ് ചെയ്‌തത്. ഏതായാലും പ്രതിപക്ഷം ഹിമന്ദയെ ആക്രമിക്കാനുള്ള ശക്തമായ ആയുധമാക്കിയിരിക്കുകയാണ് ഈ പോസ്റ്റ്. ഹിമന്ദയുടെ ഉള്ളിന്‍റെയുള്ളിലുള്ള ജാതി ചിന്തയാണ് ഇത്തരമൊരു പോസ്റ്റിലൂടെ പുറത്ത് വന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.