ഐസ്‌വാള്‍: അസം-മിസോറാം അതിർത്തി തർക്കങ്ങളിൽ പ്രശ്‌ന പരിഹാര ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലും അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നു. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനായി ചില നിർണായക തീരുമാനങ്ങളിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ പരസ്‌പര ധാരണയിലെത്തിയിരുന്നു. എന്നാൽ അതിന് അടുത്ത ദിവസം തന്നെ വീണ്ടും അതിർത്തിയിൽ സംഘർഷം ഉണ്ടായി. കച്ചാർ ജില്ലയിൽ പ്രദേശവാസികൾ മിസോറാമിലേക്ക് പോകുന്ന നാല് ട്രക്കുകൾ തകർത്തു.
വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. മിസോറാമിലേക്ക് മുട്ടയുമായി പോകുകയായിരുന്ന വാഹനങ്ങൾ ജില്ലയിലെ ഭാഗ ബസാറിലെത്തിയതും നാട്ടുകാർ വാഹനങ്ങൾ തടയുകയായിരുന്നു. ഡ്രൈവർമാരോട് വാഹനങ്ങൾ എങ്ങോട്ടേക്ക് പോകുകയാണെന്ന് ചോദിച്ചു.
READ MORE: അസം-മിസോറാം സംഘർഷം; പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ
മിസോറാമിലേക്കാണെന്നറിഞ്ഞതോടെ ക്ഷുഭിതരായ പ്രദേശവാസികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ട്രക്കുകളിലുണ്ടായിരുന്ന മുട്ടകൾ നിരത്തിലേക്കെറിയുകയും ചെയ്‌തു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്‌പര ധാരണകൾക്ക് ശേഷവും മിസോറാമിനെതിരായ സാമ്പത്തിക ഉപരോധം ഇപ്പോഴും അതിർത്തി ജില്ലയിൽ തുടരുന്ന സാഹചര്യമാണ്.