ശ്രീനഗർ: കശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ള ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ മത്സരം ബുധനാഴ്‌ച ജമ്മു കശ്‌മീറിന്‍റെ തലസ്ഥാനമായ ശ്രീനഗറിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. ജമ്മു കശ്‌മീർ സ്പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന അൾട്രാ സൈക്കിൾ റേസ് ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നിന്ന് കശ്‌മീർ ഡിവിഷണൽ കമ്മിഷണർ വിജയ് കുമാർ ഭിദുരിയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്.
യുഎസിലെ വേൾഡ് അൾട്രാ സൈക്ലിങ് അസോസിയേഷൻ അംഗീകരിച്ച സൈക്കിൾ റേസ്, ഏഷ്യൻ അൾട്രാ സൈക്ലിങ് ചാമ്പ്യൻഷിപ്പായും വേൾഡ് അൾട്രാ സൈക്ലിങ് ചാമ്പ്യൻഷിപ്പായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർ സോളോ, ടീം 2, ടീം 4 എന്നിങ്ങനെ കട്ട്-ഓഫ് സമയം യഥാക്രമം 12 ദിവസം, 10 ദിവസം, എട്ട് ദിവസങ്ങളിൽ പെഡിൽ ചെയ്യണം.
3,651 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റേസ് 1895 മീറ്റർ ഉയരത്തിൽ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തുള്ള കന്യാകുമാരിയിൽ അവസാനിക്കും. സൈക്കിൾ റേസിന്‍റെ റൂട്ട് 12 പ്രധാന സംസ്ഥാനങ്ങളിലൂടെയും മൂന്ന് പ്രധാന മഹാനഗരങ്ങളിലൂടെയും 20-ലധികം പ്രധാന നഗരങ്ങളിലൂടെയും കടന്നുപോകും. സുരക്ഷിതവും വിജയകരവുമായ പരിപാടിയുടെ നടത്തിപ്പിനുള്ള എല്ലാ നടപടികളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരം പൂർത്തിയാക്കാൻ റൈഡർമാരെ അതത് ക്രൂ അംഗങ്ങളും വാഹനങ്ങളും പിന്തുണയ്ക്കും.
ഡോ. അമൃത് സമർത്, സാഹിൽ സച്ച്ദേവ, സുമർ ബൻസാൽ, ധീരജ് കൽസൈത്, ശുഭം ദാസ്, മഹേഷ് കിനി, അതുൽ കടു, വിക്രം ഉനിയാൽ, മനീഷ് സൈനി, ഇന്ദ്രജീത് വർധൻ, ഗീതാ റാവു, അമീബ രവീന്ദ്ര റെഡ്ഡി എന്നിവരാണ് സോളോ റൈഡർമാർ. മഹാ സൈക്ലിങ് സ്ക്വാഡ്, മഹാരാഷ്‌ട്ര പൊലീസ്, എഡിസിഎ, അമരാവതി റൈഡേഴ്‌സ് എന്നിവരാണ് ടീമുകൾ. അൾട്രാ സൈക്കിൾ റേസില്‍ പങ്കെടുക്കുന്നവർ തങ്ങളുടെ സഹിഷ്‌ണുതയും അഭിനിവേശവുമാണ് കാണിക്കുന്നതെന്ന് ഓട്ടം ഫ്ലാഗ് ഓഫ് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിജയ് കുമാർ പറഞ്ഞു. ജീവിതത്തിൽ എന്തും നേടിപ്പിടിക്കാനുള്ള കരുത്ത് കായിക വിനോദം തരുമെന്ന് പറഞ്ഞ അദ്ദേഹം ശ്രീനഗറിൽ കായിക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അഭിപ്രായപ്പെട്ടു.
ഐക്കോണിക് റേസ് ഇന്ത്യയിൽ ആദ്യമായി നടക്കുന്നതാണെന്ന് റേസ് എക്രോസ് ഇന്ത്യ (റെയിൻ) പ്രോജക്‌ട് ഡയറക്‌ടർ ജിതേന്ദ്ര നായക് പറഞ്ഞു. ന്യായവും സുരക്ഷിതവുമായ മത്സരം ഉറപ്പാക്കാൻ 100 ഉദ്യോഗസ്ഥർ റേസിലുടനീളം ഉണ്ടാകുമെന്നും നായക് അറിയിച്ചു.