ഏഷ്യ കപ്പിന് പാകിസ്ഥാൻ വേദിയാകില്ല ; ടൂർണമെന്‍റ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് - ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
വേദി സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ചേരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം
ന്യൂഡൽഹി : ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഏഷ്യ കപ്പ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കിൽ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ ശ്രീലങ്കയും ബംഗ്ലാദേശും അനുകൂലിച്ചതോടെയാണ് പാകിസ്ഥാന്‍റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായത്. ഇതോടെ ഇത്തവണത്തെ ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും.
പാകിസ്ഥാനിൽ വച്ച് നടക്കുകയാണെങ്കിൽ ഏഷ്യ കപ്പിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തതോടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ നടത്താനുള്ള നിർദേശം പാകിസ്ഥാൻ മുന്നോട്ട് വച്ചിരുന്നു. എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്‌പക്ഷ വേദികളില്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് പാകിസ്ഥാൻ മുന്നോട്ട് വച്ചത്.
എന്നാൽ ഇന്ത്യ ഈ രീതി അംഗീകരിക്കാൻ തയ്യാറായില്ല. പിന്നാലെ പാകിസ്ഥാന്‍റെ ഈ നിർദേശം ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തള്ളുകയായിരുന്നു. നിഷ്‌പക്ഷ വേദിയായി യുഎഇയെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീടാണ് ശ്രീലങ്കയെ വേദിയാക്കാൻ തീരുമാനമായത്. വേദി സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ചേരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം ഏഷ്യ കപ്പിന്‍റെ വേദിയെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാസങ്ങൾക്ക് മുന്നേ വലിയ തർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുരക്ഷാകാരണങ്ങളുണ്ടെന്നും അതിനാൽ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ പങ്കെടുക്കില്ലെന്നും വേദി മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഏഷ്യ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും വ്യക്‌തമാക്കിയിരുന്നു.
ഇതിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇ പോലുള്ള നിഷ്‌പക്ഷ വേദിയിൽ വച്ച് നടത്താം എന്ന ബദൽ നിർദേശവുമായി പാകിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയത്. എന്നാൽ ഇത് ഇന്ത്യ നിരസിക്കുകയായിരുന്നു. അതേസമയം ഏഷ്യ കപ്പിന്‍റെ ആതിഥേയത്വം നഷ്‌ടമായാൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്ഥാനും ഭീഷണി മുഴക്കിയിരുന്നു.
വേദി മാറ്റാനുള്ള തീരുമാനം ഏറെക്കുറെ ഉറപ്പായതോടെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ കളിക്കുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റ് നോക്കുന്നത്. നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഐസിസി ടൂർണമെന്‍റുകളിൽ മാത്രമാണ് പരസ്‌പരം കളിക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധം തകർന്നത്.
ALSO READ: 'ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ, ആഗ്രഹിക്കുന്നവർക്ക് വരാം'; പിസിബിക്ക് മറുപടിയുമായി അനുരാഗ് താക്കൂർ
2008ൽ നടന്ന ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിക്കാനെത്തിയത്. 2016ലെ ഐസിസി ടി20 ലോകകപ്പിന് വേണ്ടിയാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. 2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന പുരുഷ ടി20 ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി പരസ്‌പരം കളിച്ചത്.