കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരം വീണ്ടും നാളെ റിസര്‍വ് ഡേയില്‍. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഇന്നത്തെ കളി നിർത്തിവയ്‌ക്കുകയായിരുന്നു. 50 ഓവർ മത്സരം റിസർവ് ദിനമായ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുനരാരംഭിക്കും.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 എന്ന നിലയില്‍ നില്‍ക്കെ മത്സരം മഴ തടസപ്പെടുത്തുകയായിരുന്നു. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (49 പന്തുകളില്‍ 56), ശുഭ്മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കായി ഓപ്പണിങ് വിക്കറ്റില്‍ മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. തുടക്കം കരുതലോടെയായിരുന്നെങ്കിലും പിന്നീട് ഇരുവരും തകര്‍ത്തടിക്കുകയായിരുന്നു. ഒരുവശത്ത് ഗില്‍ തുടര്‍ച്ചയായ ബൗണ്ടറികളിലൂടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് രോഹിത് മികച്ച പിന്തുണ നല്‍കി.
ഗില്‍ അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകനും മത്സരത്തില്‍ തകര്‍ത്തടിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഗില്ലും രോഹിതു ചേര്‍ന്ന് 121 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നല്‍കിയത്. പാകിസ്ഥാന്‍റെ പേസ് ആക്രമണകാരികളായ ഷഹീന്‍ ഷാ ആഫ്രീദി, നസീം ഷാ എന്നിവരെയെല്ലാം കരുതലോടെയാണ് ഗില്ലും രോഹിതും നേരിട്ടത്.