ഭുവനേശ്വര്‍: ഒഡിഷയിലെ സരസ്വതി വിദ്യ മന്ദിർ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വന്ദേ ഭാരത് യാത്രയ്‌ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. സ്‌കൂളില്‍ സംഘടിപ്പിച്ച ഭൂമി പൂജക്കെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂളിലെ 50 കുട്ടികള്‍ക്കാണ് യാത്ര ചെയ്യാന്‍ അവസരമൊരുക്കുക.
സ്‌കൂളില്‍ ഒരു മത്സരം സംഘടിപ്പിച്ച് അതില്‍ വിജയിക്കുന്ന 50 പേര്‍ക്കാണ് മന്ത്രി സൗജന്യ യാത്ര സൗകര്യയ്‌ക്ക് അവസരം നല്‍കുക. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് വന്ദേ ഭാരത് ട്രെയിനിന്‍റെ വീഡിയോ കാണിച്ച് കൊടുത്തിരുന്നു. വീഡിയോ കണ്ട വിദ്യാര്‍ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെയാണ് അവസരമൊരുക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.
ഒഡിഷയ്‌ക്ക് ആദ്യ വന്ദേ ഭാരത്: ഇക്കഴിഞ്ഞ മെയ് 18നാണ് ഒഡിഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തത്. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നും ഒഡിഷയിലെ പുരിയിലേക്കാണ് വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായാണ് സര്‍വീസ് ഉദ്‌ഘാടനം ചെയ്‌തത്.
ഭുവനേശ്വറിലെ റെയില്‍വേ സ്റ്റേഷനിലെ പുനര്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി അശ്വിനി വൈഷ്‌ണവ് നാളെ (ഓഗസ്റ്റ് 15) റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കും. റെയില്‍വേയിലെ ഇത്തരം വികസനങ്ങള്‍ ഏറെ അഭിമാനകരമാണെന്നും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദേശീയ തലസ്ഥാനത്ത് നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഖുര്‍ദ റോഡിലെ 11 സ്റ്റേഷനുകളും ഒഡിഷയിലെ 25 സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു. 25,000 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശിലെ 55 സ്റ്റേഷനുകൾ, ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യ പ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും 18, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ 13 സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിക്കും. രാജ്യത്തുടനീളം കണ്ക്‌റ്റവിറ്റി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്.
2019ലാണ് രാജ്യത്ത്് ആദ്യമായി വന്ദേഭാരത് ട്രെയിൻ സർവീസ് ഓടിത്തുടങ്ങിയത്. എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർകാർ എന്നിങ്ങനെയാണ് വന്ദേഭാരതിലെ കോച്ചുകളുടെ സ്ഥിതി.