ന്യൂഡല്‍ഹി: കേരളത്തില്‍ ഭാരത് ജോഡോ യാത്ര തുടരുന്ന രാഹുല്‍ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊച്ചിയിലേക്ക് തിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്ന രാഹുലിന്‍റെ ഉറച്ച നിലപാടില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ഗെലോട്ട് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുലിനെ അവസാനവട്ടം അനുനയിപ്പിക്കാനാണ് അദ്ദേഹത്തിന്‍റെ കൊച്ചി യാത്രയെന്ന് രാജസ്ഥാന്‍ മന്ത്രി അറിയിച്ചു.
ALSO READ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ഏറ്റുമുട്ടാന്‍ അശോക് ഗെലോട്ടും ശശി തരൂരും
ഇന്ന് (സെപ്‌റ്റംബര്‍ 21) തന്നെ ഗെലോട്ട് കൊച്ചിയിലെത്തി രാഹുലിനെ കണ്ടേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം കോണ്‍ഗ്രസ് പാര്‍ട്ടിയോ രാജസ്ഥാന്‍ മുഖ്യമന്ത്രിയോ നടത്തിയിട്ടില്ല. സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് സിങ് ഖാചാരിയവാസാണ് ഗെലോട്ടിന്‍റെ കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് മാധ്യങ്ങളോട് പറഞ്ഞത്.
ALSO READ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് പിന്തുണയില്ല; കേരളം ഒറ്റക്കെട്ടായി നെഹ്‌റു കുടുംബത്തിനൊപ്പം
സെപ്‌റ്റംബര്‍ 20ന് ഔദ്യോഗിക വസതിയിൽ ഗെലോട്ട് വിളിച്ചുചേര്‍ത്ത കോൺഗ്രസ് എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം യോഗത്തിന് ശേഷം അശോക് ഗെലോട്ടും മാധ്യമങ്ങളെ കണ്ടിരുന്നു. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചാൽ ഡൽഹിയിലേക്ക് വരാൻ കോൺഗ്രസ് എംഎൽഎമാരോട് ആവശ്യപ്പെടുമെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.