ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രവര്‍ത്തകസമിതി യോഗത്തിന് മുന്നോടിയായാണ് ഗെലോട്ടിന്റെ പ്രതികരണം. ഗാന്ധി കുടുംബം പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണ്. പാർട്ടിയുടെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണം,കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ല - ഗെലോട്ട് പറഞ്ഞു. പാര്‍ട്ടിയിലെ ഭിന്നിപ്പാണ് പഞ്ചാബിലെ പരാജയത്തിന് കാരണം.
2017ൽ കോൺഗ്രസ് ഒറ്റക്കെട്ടായിരുന്നു അതിനാല്‍ വിജയിച്ചു. ചന്നി മുഖ്യമന്ത്രിയായതിന് ശേഷം അന്തരീക്ഷവും അനുകൂലമായിരുന്നു. എന്നാൽ ആഭ്യന്തര സംഘർഷം പരാജയത്തില്‍ കലാശിച്ചു. ബിജെപിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കേന്ദ്രം ഭരിക്കുന്ന പാർട്ടി മതത്തെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി യഥാർഥ പ്രശ്‌നങ്ങളെ പിന്നിലേക്ക് തള്ളുകയാണെന്നും ആരോപിച്ചു.
Also Read: കോൺഗ്രസിൽ നിന്ന് രാജിവച്ച് മുതിർന്ന നേതാവ് സി.എം ഇബ്രാഹിം ; ജെഡിഎസിലേക്ക്
ധ്രുവീകരണ രാഷ്ട്രീയം എളുപ്പമാണ്. കോൺഗ്രസിനെ മുസ്ലിം പാർട്ടിയായി ബിജെപി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ നയം. തെരഞ്ഞെടുപ്പ് വേളയിൽ മതം മുന്നില്‍ നിര്‍ത്തി പണപ്പെരുപ്പവും തൊഴിലില്ലായ്മയും ബിജെപി മറയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.