ഗുവാഹട്ടി (അസം) : തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയെ തുടര്‍ന്ന് അസമിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ശനിയാഴ്‌ച ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ആറ് ജില്ലകളിലായി 25,000 ത്തോളം പേരാണ് ഈ വർഷം ആദ്യമായി സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ടത്.
അസമിലും അയല്‍ സംസ്ഥാനങ്ങളായ മേഘാലയയിലും അരുണാചല്‍ പ്രദേശിലും രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. കോപിലി നദി ഉള്‍പ്പടെ പല നദികളിലും ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. കച്ചാർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
Read Also സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കരസേന, പാരാ മിലിട്ടറി സേനകൾ, എസ്‌ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവർ ശനിയാഴ്‌ച കച്ചാർ ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്ന് 2,150 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും തകർന്നു. മഴയെ തുടര്‍ന്ന് കനത്ത കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.