ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗുജറാത്ത് സന്ദർശനത്തിനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. (Arvind Kejriwal to Embark on Gujarat Visit) മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം നാളെ ഗുജറാത്തിലെത്തും. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും (Bhagwant Mann visits Gujarat) നാളെ ഉച്ചയോടെ വഡോദ്ര വിമാനത്താവളത്തിലെത്തും.
ഡല്‍ഹി മദ്യനയക്കേസുമായി (Delhi Excise Policy Scam) ബന്ധപ്പെട്ട് ഇഡി നല്‍കിയ മൂന്ന് നോട്ടീസുകള്‍ക്കും മറുപടി നല്‍കാന്‍ കെജ്‌രിവാള്‍ തയാറാകാതെ വന്നതോടെയാണ് അദ്ദേഹത്തിന്‍റെ അറസ്‌റ്റ് സംബന്ധിച്ച് അഭ്യൂഹം പരക്കുന്നത്. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസുകളെല്ലാം കെജ്‌രിവാള്‍ തള്ളുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് നോട്ടിസുകളെന്നും അദ്ദേഹം ആരോപിച്ചു.
നേത്രംഗിൽ നാളെ നടക്കുന്ന ഒരു പൊതുസമ്മേളനത്തെ അരവിന്ദ് കെജ്‌രിവാൾ അഭിസംബോധന ചെയ്യും. അതിനുശേഷം വൈകിട്ട് 7 മണിക്ക് ഗുജറാത്തിലെ പാർട്ടി നേതാക്കളോടൊപ്പം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. തിങ്കളാഴ്‌ച പാർട്ടിയുടെ എംഎൽഎ ചൈതർ വാസവയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ആദിവാസി മുഖമായ വാസവയെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കം. (Aam Aadmi Party Gujarat)
Also Read: കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് എഎപി; വസതിയില്‍ സുരക്ഷ കൂട്ടി
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ 2022 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളുമായി ആം ആദ്‌മി പാര്‍ട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറന്നു. അതിനിടെ എംഎൽഎമാരിൽ ഒരാളായ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞ വർഷം പാർട്ടി വിട്ടത് കനത്ത തിരിച്ചടിയായി.
ബിജെപി പ്രതിച്‌ഛായ നശിപ്പിക്കുന്നു: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്‍റെ പ്രതിച്‌ഛായ നശിപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് അരവിന്ദ് കെജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു (Arvind Kejriwal Explains His Stand on ED Notice). താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുമ്പ് തന്നെ തന്നെ അറസ്റ്റ് ചെയ്‌ത് ജയിലിലിടാനാണ് നീക്കം. ബിജെപി തന്‍റെ പിന്നാലെയാണ് (Kejriwal Criticize ED and BJP). രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് നോട്ടിസെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപിയില്‍ ചേരാന്‍ തയാറല്ലാത്തവരെയെല്ലാം ബിജെപിയില്‍ നിന്നുള്ള ദ്രോഹത്തിന് ഇരയാകുകയാണ്. ബിജെപി ഗുണ്ടാനയം നടപ്പാക്കുകയാണ്.
Also Read: വിപാസന ധ്യാനം കഴിഞ്ഞ് മടങ്ങി കെജ്‌രിവാള്‍
ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും ഡല്‍ഹി മന്ത്രിമാരുമായ മനീഷ് സിസോദിയയേയും സഞ്ജയ് സിങ്ങിനെയും മദ്യനയ അഴിമതി ആരോപണത്തില്‍ ജയിലില്‍ അടച്ചു കഴിഞ്ഞു. ഇനി തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. ബിജെപിയുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഇരുനേതാക്കളും മുട്ടുമടക്കാന്‍ തയാറാകാത്തത് കൊണ്ടാണ് ജയില്‍വാസത്തിന് ഇവര്‍ നിര്‍ബന്ധിതരായതെന്നും അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.