ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത സിസിടിവികള്‍( Close Circuit Television) രാജ്യത്താകമാനം നിരോധിക്കണമെന്ന ആവശ്യവുമായി അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിനോങ് ഇറിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് അയച്ച കത്തിലാണ് ഈ ആവശ്യം ഇറിങ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത സിസിടിവികള്‍ ഉടന്‍ നിരോധിക്കണമെന്ന് പ്രത്യേകമായി കത്തില്‍ ആവശ്യപ്പെടുന്നു.
ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളി: ദേശീയ സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയാണ് ചൈനീസ് നിര്‍മിത സിസിടിവികള്‍ ഉയര്‍ത്തുന്നത് എന്ന് ഇറിങ് കത്തില്‍ പറഞ്ഞു. ബീജിങ്ങിന്‍റെ കാതുകളും കണ്ണുകളുമായി ഇവയെ മാറ്റാമെന്ന് ഇറിങ് അഭിപ്രായപ്പെടുന്നു. വീടുകളില്‍ ചൈനീസ് സിസിടിവികള്‍ ഉപയോഗിക്കുന്നതിന്‍റെ ഭീഷണിയെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കാമ്പയിന്‍ നടത്തണമെന്നും നിനോങ് ഇറിങ് ആവശ്യപ്പെട്ടു.
ചൈനീസ് ഹാക്കിങ് വെല്ലുവിളി ഉയര്‍ത്തി നിനോങ്: ചൈനീസ് ഹാക്കര്‍മാര്‍ നിരന്തരം ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചതിന്‍റെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇറിങ് കത്തില്‍ പരാമര്‍ശിക്കുന്നു. ലഡാക്കിലെ എല്‍എസിക്ക്(Line of Actual Control) സമീപമുള്ള ഏഴ് പ്രധാനപ്പെട്ട ഇഎല്‍ഡിസികളെ( Electricity Load Dispatch Centers) തകര്‍ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം അടക്കമാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
"രാജ്യത്തുടനീളം ഇപ്പോള്‍ ഉപയോഗത്തിലുള്ള ചൈനീസ് നിര്‍മിത സിസിടിവികള്‍ 'ബീജിങ്ങിന്‍റെ കണ്ണുകളും കാതുകളു'മായി ഉപയോഗപ്പെടുത്താം എന്ന് 'The China Snooping Menance' എന്ന തലക്കെട്ടില്‍ രാജ്യത്തെ ഒരു പ്രമുഖ മാധ്യമ സ്ഥാപനം പ്രസിദ്ധീകരിച്ച വിശദമായ ലേഖനത്തില്‍ തുറന്ന് കാട്ടപ്പെട്ടതാണ്. കൂടാതെ രാജ്യത്തെ നിലവിലെ നിയമങ്ങളും സുരക്ഷയെ സംബന്ധിച്ച അവബോധവും പര്യാപ്‌തമല്ല. ഇത് നമ്മുടെ ദേശീയ സുരക്ഷ ഭീഷണി കൂടുതല്‍ വര്‍ധിപ്പിക്കുകയാണ്", മുന്‍ കേന്ദ്ര മന്ത്രി കൂടിയായ നിനോങ് ഇറിങ് കത്തില്‍ വ്യക്തമാക്കി.
"ചൈനീസ് ഹാക്കര്‍മാര്‍ നിരന്തരം ഇന്ത്യന്‍ സ്ഥാപനങ്ങളെ ആക്രമിക്കുന്നു. ഇതില്‍ നമ്മള്‍ പരാജയപ്പെടുത്തിയ ലഡാക്കിലെ എല്‍എസിക്കടുത്തുള്ള ഏഴ് പ്രധാന ഇഎല്‍ഡിസികളെ തകര്‍ക്കാനുള്ള ശ്രമവും ഉള്‍പ്പെടുന്നു. ഈ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു സൈബര്‍ സുരക്ഷ സ്ഥാപനം പുറത്തുവിട്ടത്, സിസിടിവി ശൃംഖലകളില്‍ സാധരണയായി ഉപയോഗിക്കുന്ന ഐപി(Internet Protocol) കാമറകളും ഇന്‍റര്‍നെറ്റ് ഓപ്പറേറ്റഡ് ആയ ഡിവിആര്‍(Digital Video Recording) ഉപകരണങ്ങളിലും കടന്ന് കയറിയാണ് ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണ ശ്രമം നടത്തിത് എന്നാണ്. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം രണ്ട് ദശലക്ഷത്തിലധികം സിസിടിവികള്‍ രാജ്യത്ത് ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ 90 ശതമാനവും നിര്‍മിച്ചത് ചൈനീസ് സര്‍ക്കാറിന് ഭാഗികമായി ഉടമസ്ഥതയുള്ള കമ്പനികളാണ്", കത്തില്‍ വ്യക്തമാക്കുന്നു.
"ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് ചൈനീസ് സിസിടിവികളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും": രാജ്യത്തെ ചൈനീസ് സിസിടിവികളില്‍ പകുതിയില്‍ അധികവും ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ടത് സര്‍ക്കാര്‍ ഓഫിസുകളില്‍ ആണെന്നുള്ള കാര്യവും അരുണാചല്‍ പ്രദേശ് എംഎല്‍എ കത്തില്‍ ഉയര്‍ത്തി.
"കേന്ദ്ര ഐടി സഹമന്ത്രി സഞ്ജയ് ധോത്രേ ഇത്തരം സിസിടിവികളെ വിശേഷിപ്പിച്ചത് എളുപ്പത്തില്‍ ഭേദിക്കാവുന്നത് എന്നാണ്. ഇത്തരത്തിലുള്ള സിസിടിവികളില്‍ നിന്ന് പ്രധാനപ്പെട്ട വിവരങ്ങള്‍ വിദേശത്ത് സ്ഥിതിചെയ്യുന്ന സര്‍വറുകളിലേക്ക് അയക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭേദിക്കാന്‍ പറ്റാവുന്ന ദുര്‍ബലമായ സാങ്കേതിക ആര്‍ക്കിടെക്‌ചറാണ് ഇത്തരം സിസിടിവികള്‍ക്ക് ഉള്ളത് എന്ന് പല വിദഗ്‌ധരും സൂചിപ്പിച്ചതാണ്. ഈ സിസിടിവികളെ ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് ഉപകാരപ്രദമായ കണ്ണുകളും ചെവികളുമായി മാറ്റാന്‍ സാധിക്കും", കത്തില്‍ വ്യക്തമാക്കുന്നു.