വാഷിങ്‌ടണ്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മേരിലാന്‍റ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ അരുണ മില്ലര്‍. അമേരിക്കയില്‍ ജനിക്കാത്ത ഒരാള്‍ ആദ്യമായാണ് മേരിലാന്‍റില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എന്ന സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് തെലങ്കാനയില്‍ വേരുകളുള്ള 58 വയസുകാരിയായ അരുണ.
ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണ് അരുണ മല്‍സരിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച വെസ് മൂറിന്‍റെ റണ്ണിങ്മേറ്റായാണ് അവര്‍ മല്‍സരിച്ചത്. മേരിലാന്‍റില്‍ ഗവര്‍ണറാകുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കനായി വെസ് മൂറും ചരിത്രം കുറിച്ചു.
ഏഴ് വയസുള്ളപ്പോഴാണ് ഹൈദരാബാദില്‍ നിന്ന് 1972ല്‍ മാതാപിതാക്കളോടൊപ്പം അരുണ അമേരിക്കയിലേക്ക് കുടിയേറിയത്. അരുണ മേരിലാന്‍റിലെ ജനപ്രതിനിധി സഭയിലും അംഗമായിട്ടുണ്ട്. 2018ല്‍ മേരിലാന്‍റിലെ ആറാം കോണ്‍ഗ്രഷണല്‍ ഡിസ്‌ട്രിക്റ്റില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്കും മല്‍സരിച്ചു. കടുത്ത മല്‍സരത്തില്‍ അരുണ രണ്ടാം സ്ഥാനത്ത് വന്നു.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന നയം നടപ്പാക്കുക ലക്ഷ്യം: തൊലിയുടെ നിറം എന്താണെങ്കിലും ഏത് സമുദായ പശ്ചാത്തലമുള്ളതാണെങ്കിലും ഒരു വ്യക്തിക്ക് താന്‍ സുരക്ഷിതനാണ് എന്ന് തോന്നുന്ന ഇടമായി മേരിലാന്‍റിനെ മാറ്റുകയാണ് തന്‍റെ ലക്ഷ്യമെന്ന് അരുണ മില്ലര്‍ വിജയ പ്രസംഗത്തില്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്‍റെ ഭാവി തന്നെ നിശ്ചയിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പില്‍ ചെറുതെങ്കിലും ശക്‌തമായ ഒരു സംസ്ഥാനത്തിന് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് രാജ്യത്തിന് കാണിച്ച് കൊടുക്കാന്‍ മേരിലാന്‍റിന് കഴിഞ്ഞു. ഭീതിക്ക് പകരം പ്രതീക്ഷയും വിഭജനത്തിന് പകരം ഐക്യവും അവകാശങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്ന സമീപനങ്ങള്‍ക്ക് പകരം അവകാശങ്ങള്‍ വിപുലപ്പെടുത്തുന്ന സമീപനവും മേരിലാന്‍റിലെ ജനങ്ങള്‍ തെരഞ്ഞെടുത്തെന്നും അരുണ പറഞ്ഞു.
അമേരിക്കയിലേക്ക് കുടിയേറിയത് മുതല്‍ അമേരിക്ക തന്‍റെ മുന്നില്‍വച്ച അവസരങ്ങളില്‍ താന്‍ ഒരിക്കലും ഉത്തേജിത അല്ലാതായിരുന്നിട്ടില്ലെന്ന് അരുണ ട്വീറ്റ് ചെയ്‌തു. തനിക്ക് ലഭിച്ച അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ശ്രമിക്കുക. ഒരു വിഭാഗത്തെയും മാറ്റി നിര്‍ത്താതെയുള്ള മേരിലാന്‍റിനായിട്ടായിരിക്കും തന്‍റെ പ്രതിബദ്ധതയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പദവി: മേരിലാന്‍റില്‍ ഗവര്‍ണര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാര പദവിയാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പദവി. ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരിക്കുമ്പോഴും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആരോഗ്യപരമായ കാരണങ്ങളാലും മറ്റും കഴിയാതെ വരുമ്പോഴും ഗവര്‍ണറുടെ അധികാരം കൈയാളുക ലഫ്റ്റനന്‍റ് ഗവര്‍ണറാണ്. കൂടാതെ ഗവര്‍ണര്‍ മരണപ്പെടുകയോ, രാജിവയ്‌ക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്‌താല്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കപ്പെടും.
ഇന്ത്യന്‍ വംശജരുടെ പാര്‍ട്ടിക്ക് അതീതമായ പിന്തുണ: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹിന്ദു ദേശീയവാദികളുമായി അരുണയ്‌ക്ക് ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിഭേദമന്യേ ഇന്ത്യന്‍ വംശജരായ രാഷ്‌ട്രീയ നേതാക്കള്‍ അരുണയ്‌ക്ക് പിന്തുണ നല്‍കി.
കടുത്ത ട്രംപ് അനുകൂലിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ജസ്‌ദീപ് സിങ് അടക്കമുള്ള റിപ്പബ്ലിക്കന്‍ നേതാക്കളായ ഇന്ത്യന്‍ വംശജര്‍ അരുണയെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും അരുണയ്‌ക്കും വെസ് മൂറിനും വേണ്ടി പ്രചാരണത്തിന് ഇറങ്ങി. ഡേവ് മില്ലറാണ് അരുണയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്.