ന്യൂഡല്‍ഹി : ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുഛേദം 370 എടുത്തുകളഞ്ഞതിനെതിരായ ഹര്‍ജികളില്‍ ഓഗസ്റ്റ് രണ്ട് മുതൽ ദൈനംദിന വാദം കേൾക്കലെന്ന് സുപീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുതിയ സത്യവാങ്‌മൂലം നല്‍കിയിരുന്നു. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെ സത്യവാങ്‌മൂലത്തിലൂടെ സര്‍ക്കാര്‍ ശക്തമായി ന്യായീകരിക്കുകയാണ് ചെയ്‌തത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്‍പിലുള്ളത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണുള്ളത്. ഈ ഹർജികളില്‍ വാദം ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30നാണ് തുടങ്ങുക. ശേഷം, തുടർന്നുള്ള ദിവസങ്ങളിലും വാദം തുടരുമെന്നും ഭരണഘടന ബെഞ്ച് അറിയിച്ചു.
കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ബെഞ്ചിന് മുമ്പാകെ വാദിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രം അധികമായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടനാപരമായി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്‍റെ സത്യവാങ്‌മൂലങ്ങള്‍ ബാധകമല്ലെന്നും ഇത് മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒരു കക്ഷിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരില്‍ അവസ്ഥ മാറിയെന്നും ഒരാള്‍ക്കും ലജ്ജിക്കേണ്ട സ്ഥിതിയില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
കേസിൽ ഒരു കക്ഷിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് ഹാജരായത്. വിഷയത്തില്‍, ചില രാഷ്‌ട്രീയ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അതിനാൽ രേഖകളിൽ ഒപ്പിടേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. ഐഎഎസ് ഓഫിസർ ഷാ ഫൈസലും ആക്‌ടിവിസ്റ്റ് ഷെഹ്‌ല റഷീദും ഈ വിഷയത്തിൽ തങ്ങളുടെ പേരുകൾ കോടതി രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, കോടതി ഇക്കാര്യം അംഗീകരിക്കുകയും ഹർജിക്കാരായ ഇവരുടെ പേരുകൾ നീക്കം ചെയ്യുകയുമുണ്ടായി.