ചണ്ഡീഗഡ്: അഴിമതി കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ കാർത്തിക് പോപ്ലി (27) സ്വയം നിറയൊഴിച്ച് മരിച്ചു. അഴിമതി കേസിനെത്തുടർന്ന് വിജിലൻസ് സംഘം സഞ്‌ജയ് പോപ്ലിയുടെ വീട്ടിൽ റെയ്‌ഡ് നടത്തുന്നതിനിടെയാണ് അപകടം. വീട്ടിലെ ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് വെടിയുതിർത്താണ് ആത്‌മഹത്യ ചെയ്‌തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
അതേസമയം വിജിലൻസ് സംഘത്തിന്‍റെ സമ്മർദം മൂലമാണ് കാർത്തിക് പോപ്ലി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഒരു കള്ളക്കേസ് കെട്ടിപ്പടുക്കാൻ അവർ കാർത്തിക്കിന്‍റെ ജീവൻ തട്ടിയെടുക്കുകയായിരുന്നെന്ന് അമ്മ ആരോപിച്ചു. തന്‍റെ കുട്ടിക്ക് നീതി ലഭിക്കും വരെ രക്തം പുരണ്ട കൈ കഴുകില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
നവൻഷഹറിൽ മലിന ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾക്ക് പകരമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ ജൂൺ 21ന് അഴിമതി കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്‌ജയ് പോപ്ലിയെ അറസ്റ്റ് ചെയ്‌തത്.