ബെംഗളൂരു: ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടി പ്രതി ആത്മഹത്യ ചെയ്‌തു. ബെംഗളൂരുവിലെ വിദ്യരാന്യപുരയിലാണ് സംഭവം നടന്നത്. ഹനുമാന്ത നഗര്‍ സ്വദേശിയായ സിദ്ധലിംഗ സ്വാമിയാണ് (60) ആത്മഹത്യ ചെയ്‌തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി നിക്ഷേപകരെ വഞ്ചിച്ച കേസില്‍ പൊലീസ് ഇയാളെ ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാള്‍. തെളിവെടുപ്പിനായി സ്വന്തം ഫ്ലാറ്റിലെത്തിച്ചപ്പോഴാണ് ഇയാള്‍ ബാല്‍ക്കണിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
ബെംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റിയില്‍ (ബിഡിഎ) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വര്‍ഷങ്ങളായി ആളുകളെ കബളിപ്പിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യയും മകളുമടക്കം സത്യമറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്നും പതിവായി ജോലിക്കിറങ്ങിയിരുന്ന ഇയാള്‍ ബിഡിഎയുടെ സ്ഥാപനത്തിന് സമീപമെത്തി ഉദ്യോഗസ്ഥനാണെന്ന വ്യാജേന നിക്ഷേപകരെ തട്ടിപ്പിനിരയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പത്ത് ദിവസം മുന്‍പാണ് പൊലീസിന് പരാതി ലഭിക്കുന്നത്.
അറസ്റ്റിലായതോടെ സത്യങ്ങളറിഞ്ഞ ഭാര്യയെയും മകളെയും അഭിമുഖീകരിക്കാന്‍ ഇയാള്‍ക്ക് മനപ്രയാസമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനായി ഫ്ലാറ്റിലെത്തിച്ചപ്പോള്‍ ഭാര്യയും മകളും കരഞ്ഞതോടെ അടുക്കള ഭാഗത്തേക്ക് പോയ പ്രതി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്രതീക്ഷിത നീക്കമായിരുന്നതിനാല്‍ പ്രതിയെ തടയാന്‍ സാധിച്ചില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബിഡിഎ സൈറ്റുകൾ അനുവദിക്കുന്നതിന് ആവശ്യമായ വ്യാജ ലെറ്റര്‍ ഹെഡുകളും, സ്റ്റാംമ്പ് പേപ്പറുകളും, സീലുകളും ഫ്ലാറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.