ശ്രീനഗർ : ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശരീരത്തിൽ തുളച്ചുകയറിയത് രണ്ട് വെടിയുണ്ടകൾ. പക്ഷേ സൈന്യത്തിന്‍റെ ധീരനായ ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ 'സൂം' പിന്തിരിയാൻ കൂട്ടാക്കിയില്ല. തന്‍റെ കർമം കൃത്യമായി പൂർത്തിയാക്കിയ അവൻ രണ്ട് തീവ്രവാദികളെ വധിക്കാൻ സുരക്ഷാസേനയെ സഹായിക്കുകയും ചെയ്‌തു.
തന്‍റെ കൃത്യനിര്‍വഹണം പൂർത്തിയാക്കിയതിന് പിന്നാലെ അവൻ വീണു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൂം നിലവിൽ ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരരെ കണ്ടെത്താനും ആക്രമിക്കാനും സുരക്ഷാസേനയെ സഹായിക്കുന്നതിനും വിദഗ്‌ധ പരിശീലനം നേടിയ നായയാണ് സൂം. കശ്‌മീരിൽ സൈന്യത്തിന്‍റെ ഒട്ടേറെ ദൗത്യങ്ങളിൽ രണ്ടര വയസുള്ള സൂം പങ്കാളിയായിട്ടുണ്ട്.
ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്‌ചയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് കുതിച്ച് കയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ വെടിയേറ്റെങ്കിലും അവൻ പിടിവിട്ടില്ല.
പിന്നാലെയെത്തിയ സേനാംഗങ്ങൾ രണ്ട് ഭീകരരെയും വധിക്കുകയായിരുന്നു. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സൂമിന്‍റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. സൂമിന് ശസ്‌ത്രക്രിയ നടത്തിയെന്നും അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.