ശ്രീനഗർ( ജമ്മു കശ്‌മീർ): കശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്‌ടമായ ആർമി ഡോഗ് അക്‌സലിന് ആദരാജ്ഞലി അർപ്പിച്ച് സൈന്യം. ഏറ്റുമുട്ടൽ സാഹചര്യങ്ങളിൽ സൈന്യത്തിലെ കരുത്തനായ പോരാളിയായിരുന്നു അക്‌സൽ. സൈനികർ സല്യൂട്ട് നൽകിയാണ് അക്‌സലിനെ യാത്രയാക്കിയത്.
സൈന്യത്തിന്‍റെ 26-ാം ഡോഗ് യൂണിറ്റിലെ നായ ആയിരുന്നു അക്‌സൽ. ഭീകരരുടെ നീക്കം മണത്ത് അറിയാന്‍ പ്രത്യേക പരിശീലനം നേടിയ കശ്‌മീർ സൈന്യത്തിന്‍റെ സ്വന്തം നായയാണ് അക്‌സൽ. കശ്‌മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് അക്‌സലിന് വെടിയേറ്റത്.
മേജർ ജനറൽ. എസ്.എസ്. സ്ലാരിയ അക്‌സലിന് അന്തിമോപചാരം അർപ്പിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് അക്‌സലിനും മറ്റൊരു നായയായ ബലാജിയെയും സൈന്യം അയക്കുകയായിരുന്നു. ആദ്യം ബലാജിയും പിന്നാലെ അക്‌സലും മുറിയിലേക്ക് പോയി.
ആദ്യ മുറിയിൽ ഭീകരര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ അക്‌സൽ രണ്ടാമത്തെ മുറിയിലേക്ക് കടന്നതും ഭീകരരുടെ സാന്നിധ്യം അക്‌സൽ കണ്ടെത്തി. തുടർന്ന് അക്‌സലിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് 15 സെക്കൻഡുകൾക്കുള്ളിൽ അക്‌സലിന് ജീവൻ നഷ്‌ടമായി. പിന്നാലെ സൈന്യം ഭീകരരെ നേരിട്ടു.
ഭീകരവാദികളുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ച ശേഷമാണ് അക്‌സലിന്‍റെ മൃതശരീരം കണ്ടെത്തിയത്. പോസ്‌റ്റ് മോർട്ടത്തിൽ അക്‌സലിന്‍റെ ശരീരത്തിൽ പത്തിടങ്ങളിൽ മുറിവേറ്റതായി കണ്ടെത്തി. ബെൽജിയൻ മലിനോയിസ് ഇനത്തിൽപെട്ട നായയാണ് അക്‌സൽ.