ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സ്ഥാപിച്ച 50 കിടക്കകളുള്ള കൊവിഡ് ചികിത്സ കേന്ദ്രം ജനങ്ങൾക്കായി സമര്‍പ്പിച്ച് ഇന്ത്യൻ സൈന്യം. മൂന്നാമത്തെ കൊവിഡ് തരംഗത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിനെ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് സൈന്യത്തിന്‍റെ ഇടപെടല്‍.
ബത്‌വാരയിലെ 216 ട്രാൻസിറ്റ് ക്യാമ്പിൽ സ്ഥാപിച്ച ചികിത്സ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഐജാസ് ആസാദ് നിര്‍വഹിച്ചു. ഇന്ത്യൻ കരസേനയുടെ ചിനാർ വിഭാഗമാണ് സഹായമൊരുക്കിയത്. പ്രതിരോധ വിഭാഗം പി.ആര്‍.ഒ ലഫ്റ്റനന്‍റ് കേണൽ എമ്രോൺ മൊസവിയാണ് ഇക്കാര്യം അറിയിച്ചത്.
''മികച്ച സൗകര്യം ഒരുക്കും''
വെന്‍റിലേറ്റർ സൗകര്യമുള്ള 10 ഐ.സി.യു കിടക്കകളും ഓക്‌സിജന്‍ സൗകര്യമടങ്ങിയ 20 ഹൈ ഡിപൻഡൻസി യൂണിറ്റ് കിടക്കകളും 20 ഓക്‌സിജന്‍ കിടക്കകളുമടങ്ങിയ ചികിത്സ സൗകര്യമാണ് സൈന്യം ഒരുക്കിയത്.
രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി ലബോറട്ടറി, റേഡിയോളജി, ബ്ലഡ് ഗ്യാസ് അനലൈസർ എന്നീ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 92 ബേസ് ആശുപത്രിയില്‍ നിന്നും ആവശ്യമായ ഡോക്ടർമാർ, മിലിട്ടറി നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ കൊവിഡ് കേന്ദ്രത്തിലേക്ക് നൽകുമെന്നും പി.ആര്‍.ഒ വ്യക്തമാക്കി.
ALSO READ: കശ്‌മീര്‍ ഭീകരാക്രമണം; അനുശോചനവുമായി ഡല്‍ഹി മുഖ്യമന്ത്രി