അനന്ത്നാഗ് : ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ (Encounter) മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ (Rashtriya Rifles Unit) കമാൻഡറായ കരസേനയിലെ കേണലിനും, മേജറിനും, ജമ്മു കശ്‌മീര്‍ പൊലീസിലെ ഒരു ഡിഎസ്‌പിക്കുമാണ് ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്.
സംഭവം ഇങ്ങനെ : ഇന്ന് (13.09.2023) ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ വെടിവയ്‌പ്പില്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനാക്ക്, ജമ്മുകശ്‌മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരെ ആദ്യം അനന്ത്‌നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ശ്രീനഗറിലെ ആര്‍മി ബേസ് ഹോസ്‌പിറ്റലിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. എന്നാല്‍ അമിതമായി രക്തം വാര്‍ന്നതോടെ ഒന്നിന് പിന്നാലെ മറ്റൊരാളായി മൂന്ന് പേരും മരണത്തിന് കീഴടങ്ങി. കേണല്‍ സിങ്ങും മേജര്‍ ധോനോക്കും കരസേനയുടെ 19 ആര്‍ആറില്‍ (19 Rashtriya Rifles) ഉള്‍പ്പെടുന്നതായും സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് ഞങ്ങള്‍ക്ക് പൊലീസില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാഡോൾ പ്രദേശം വളഞ്ഞു. എന്നാല്‍ ഏറെ ഇരുട്ടിയതിനാല്‍ ഓപ്പറേഷന്‍ പുലരും വരെ മാറ്റിവച്ചു. തുടര്‍ന്ന് പകലാണ് വെടിവയ്‌പ്പുണ്ടായത്. രക്ഷപ്പെടാനുള്ള ഭീകരരുടെ ശ്രമം തടയുന്നതിനിടെ മുന്നിൽ നിന്ന് നയിച്ച കേണൽ മന്‍പ്രീത് സിങ്ങിന്‍റെ നെഞ്ചത്ത് വെടിയേറ്റു. മാത്രമല്ല വെടിവയ്‌പ്പില്‍ മേജർ ആശിഷ് ധോനാക്കിനും ഡിഎസ്‌പി ഹുമയൂണ്‍ ഭട്ടിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനന്ത്നാഗ് (Anantnag) ജില്ലയിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിലെയും ജമ്മു കശ്‌മീർ പൊലീസിലെയും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു.'അനന്ത്നാഗിലെ കോക്കർനാഗിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. സൈന്യത്തിലെയും ജെകെപിയിലെയും (ജമ്മു കശ്‌മീർ പൊലീസ്) ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിശദാംശങ്ങൾ പിന്നാലെ' - ഇങ്ങനെയായിരുന്നു അറിയിപ്പ്.