കിഷ്ത്വർ (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ കിഷ്ത്വർ ജില്ലയിലെ മഗവ മേഖലയിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഹെലികോപ്‌ടറിന്‍റെ സാങ്കേതിക വിദഗ്‌ധനാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പൈലറ്റുമാർ അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.
സൈന്യത്തിന്‍റെ എഎൽഎച്ച് ധ്രുവ് എന്ന ഹെലികോപ്‌ടറാണ് ഇന്ന് രാവിലെ മറുവ നദിയുടെ തീരത്ത് തകർന്നുവീണത്. സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടത്. പൈലറ്റുമാർ സാങ്കേതിക തകരാർ എയർ ട്രാഫിക് കൺട്രോളറെ (എടിസി) അറിയിക്കുകയും എമർജൻസി ലാൻഡിങ് നടത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് നോർത്തേൺ കമാൻഡ് വക്താവ് പറഞ്ഞു.
അപകടത്തിന് പിന്നാലെ ആർമിയുടെ സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. തൊട്ടുപിന്നാലെ പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കരസേന വക്താവ് കൂട്ടിച്ചേർത്തു.
ഏഴ് മാസത്തിനിടെ നാലാമത്തെ അപകടം: അതേസമയം ഏഴ് മാസത്തിനിടെ രാജ്യത്ത് നടക്കുന്ന നാലാമത്തെ ഹെലികോപ്‌ടർ അപകടമാണിത്. അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കമേങ് ജില്ലയിലും, അപ്പർ സിയാങ് ജില്ലയിലും, തവാങ്ങിലുമാണ് നേരത്തെ ഹെലികോപ്‌ടർ അപകടങ്ങൾ നടന്നത്. ഈ വർഷം മാർച്ചിൽ പടിഞ്ഞാറൻ കമെങ് ജില്ലയിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരായിരുന്നു കൊല്ലപ്പെട്ടത്.
ഒക്‌ടോബറിലാണ് അപ്പർ സിയാങ്ങില്‍ ഹെലികോപ്‌ടർ അപകടം ഉണ്ടാകുന്നത്. ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സൈനിക ഹെലികോപ്‌ടർ തകർന്ന് വീണത്. അപകടത്തിൽ നാല് പേരായിരുന്നു കൊല്ലപ്പെട്ടത്. ഒക്‌ടോബറിൽ തന്നെയായിരുന്നു തവാങ്ങിന് സമീപവും ഹെലികോപ്‌ടർ തകർന്ന് വീണത്. രണ്ട് പൈലറ്റുമാരായിരുന്നു അന്നത്തെ അപകടത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം തുടർച്ചയായി നടക്കുന്ന ഇത്തരം അപകടങ്ങൾ ഇന്ത്യൻ സൈനിക ഹെലികോപ്‌ടറുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർത്തിയിട്ടുണ്ട്. അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് ഇന്ത്യൻ സൈന്യം കൃത്യമായ വിവരം നൽകിയിട്ടില്ലെങ്കിലും കഠിനമായ ഭൂപ്രകൃതിയും, കാലാവസ്ഥയും, പരിശീലനത്തിന്‍റെ അപര്യാപ്‌തതയും, അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.