ഭോപ്പാൽ: മധ്യപ്രദേശിൽ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനുള്ള കവർച്ച സംഘത്തിന്‍റെ ശ്രമം ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. ഇന്ദ്രപുരിയിലെ ഫെഡ് ബാങ്ക് ഫാസ്റ്റ് ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിലാണ് നാലംഗ സംഘം തോക്കുകളുമായെത്തി കവർച്ച ശ്രമം നടത്തിയത്. എന്നാൽ മോഷ്‌ടാക്കളെ കണ്ട് പതറാതെ ജീവനക്കാർ സ്ഥാപനത്തിലെ അപായ അലാറം മുഴക്കിയതോടെ മോഷ്‌ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണ ശ്രമത്തിന്‍റെ ദൃശ്യങ്ങളെല്ലാം സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം മോഷണ ശ്രമത്തിൽ ഉൾപ്പെട്ട നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്‌ചയാണ് മോഷണ സംഘം ധനകാര്യ സ്ഥാപനത്തിലേക്കെത്തിയത്. ഈ സമയത്ത് കമ്പനി മാനേജർ വിക്രാന്ത് രാജ്‌വൈദ്യയും ജീവനക്കാരായ ദീപക് അഹിർവാറും ജിതേന്ദ്രയുമാണ് ഓഫീസിലുണ്ടായിരുന്നു.
ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ സ്വർണ വായ്‌പ എടുക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ എന്ന വ്യാജേന സ്ഥാപനത്തിലേക്ക് കടന്നു. സെക്യൂരിറ്റി ഉള്ളിലേക്ക് കടത്തി വിടാത്തതിനാൽ ഈ സമയം മറ്റ് മൂന്ന് പേർ പുറത്ത് കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി സ്ഥാപനത്തിന്‍റെ വാതിൽ തുറക്കാൻ അവശ്യപ്പെട്ടു. ഇത് കണ്ട് ഭയന്ന് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥാപനത്തിനുള്ളിലേക്ക് കയറി.
ഇതിനിടെ ഉപഭോക്താവെന്ന വ്യാജേന ബാങ്കിലുള്ളിൽ ഉണ്ടായിരുന്നയാൾ ജീവനക്കാർക്ക് നേരെ ചാടി വീഴുകയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. പിന്നാലെ പുറത്തുണ്ടായിരുന്നവരും തോക്കുകളുമായി ഉള്ളിലേക്ക് എത്തി. എന്നാൽ അപകടം മനസിലാക്കിയ ജീവനക്കാർ ധൈര്യം കൈവിടാതെ മോഷ്‌ടാക്കളോട് എതിർത്ത് നിൽക്കുകയും അപകട സൈറണ്‍ മുഴക്കുകയുമായിരുന്നു.
സൈറണിന്‍റെ ശബ്‌ദം കേട്ട് പതറിയ മോഷ്‌ടാക്കൾ പൊലീസ് ഉടൻ എത്തുമെന്ന് മനസിലാക്കി മോഷണ ശ്രമം ഉപേക്ഷിച്ച് സ്ഥാപനത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടിയ മോഷ്‌ടാക്കൾ തങ്ങൾ വന്ന ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. പ്രതികൾ ആനന്ദ് നഗർ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാർച്ചിൽ പ്രതികൾ സ്ഥാപനത്തിന്‍റെ പരിസരത്ത് ഒത്തുകൂടിയതായി കണ്ടെത്തിയിരുന്നു.
പ്രതികൾ നാടൻ തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നും അവ സ്ഥാപനത്തിന്‍റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പിപ്ലാനി പൊലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് നായക് അറിയിച്ചു.
മോഷണശ്രമം തടഞ്ഞ് വനിത പൊലീസ്: ജനുവരിയിൽ ബിഹാറിൽ തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച മോഷ്‌ടാക്കളെ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തിയിരുന്നു. ബിഹാറിലെ ഹാജിപൂരിലായിരുന്നു സംഭവം. ഹാജിപൂർ ഗ്രാമീണ്‍ ബാങ്കിൽ നടന്ന കവർച്ച ശ്രമമാണ് പൊലീസ് ഉദ്യോഗസ്ഥരായ ജൂഹി കുമാരിയും ശാന്തി കുമാരിയും ചേർന്ന് തടഞ്ഞത്.
ALSO READ: കാനഡയിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം; 9 മാസത്തിന് ശേഷം ആൺസുഹൃത്ത് പിടിയിൽ