ന്യൂഡൽഹി: പുതുക്കിയ വാക്സിനേഷൻ മാർഗരേഖ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന. കൊവിനെതിരായ പോരാട്ട കവചമാണ് വാക്സിനെന്ന് ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മെഡിക്കൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ലെഫ്റ്റനന്‍റ് ജനറൽ മാധുരി കനിത്കർ പറഞ്ഞു. കൂടാതെ വാക്സിൻ എടുക്കുന്നതിന് സായുധ സേനയ്ക്ക് മുൻഗണന നൽകിയ കേന്ദ്രത്തിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കനിത്കർ നന്ദി അറിയിച്ചു.
അതേസമയം, സായുധ സേനയിൽ വളരെ കുറച്ച് കൊവിഡ് കേസുകൾ മാത്രമാണ് ഉള്ളതെന്നും ഡെപ്യൂട്ടി ചീഫ് ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (മെഡിക്കൽ) പറഞ്ഞു. വ്യോമസേനയിലും നാവികസേനയിലും 95 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി കഴിഞ്ഞു. കരസേനയിൽ എല്ലാവരും തന്നെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരും ഭൂരിപക്ഷം പേരും രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തവരുമാണ്. വാക്സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിക്കുന്നവരിൽ വളരെ നേരിയ കൊവിഡ് ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും കനിത്കർ കൂട്ടിച്ചേർത്തു.
കൊവിഡ് രണ്ടാം തരംഗത്തിനിടെ ശനിയാഴ്ച രാജ്യം കൊവിഡ് വാക്സിനേഷന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചു. ശനിയാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകിത്തുടങ്ങും.