ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. മൂന്നാര്‍ ചിന്നക്കനാല്‍ പ്രദേശത്തെ ഭീതിയിലാഴ്‌ത്തുന്ന കാട്ടാനയായ അരിക്കൊമ്പനെ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് മാറ്റണമെന്ന കേരള ഹൈക്കോടതി നിർദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ആനയെ മാറ്റാനുള്ള ശുപാർശ വിദഗ്‌ദ സമിതി നൽകിയതാണെന്ന് നിരീക്ഷിച്ച് വിഷയത്തില്‍ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പി.എസ് നരസിംഹ, ജസ്‌റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.
നിങ്ങൾക്ക് ഒരു വിദഗ്‌ദ സമിതിയുണ്ട്. ആനയെ മാറ്റണമെന്ന് വിദഗ്‌ദര്‍ തന്നെ പറഞ്ഞു. അതൊരു യുക്തിസഹമായ ഉത്തരവാണെന്നും അതിനാല്‍ തങ്ങള്‍ ഇടപെടില്ലെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ നിരീക്ഷിച്ചു. വിദഗ്‌ദ സമിതി എന്തെങ്കിലും നിർദേശിച്ചിട്ടുണ്ടെങ്കിൽ, സംസ്ഥാനത്തിന് ഇതിന് മുകളിലോട്ട് പോകാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.
അടിയന്തര പ്രാധാന്യം പരിഗണിച്ച്: വിഷയം ഇന്ന് പട്ടികപ്പെടുത്തിയിരുന്നില്ലെങ്കിലും, സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് അടിയന്തരമായി പരാമർശിച്ചതിനെ തുടർന്നാണ് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാൻ സമ്മതിച്ചത്. ആന ഏഴുപേരെ കൊലപ്പെടുത്തുകയും നിരവധി വീടുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ ഇതിനെ മെരുക്കുന്നതിനായി ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്നും ജയന്ത് മുത്തുരാജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി ഉത്തരവിലേക്ക്: ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിടുന്നത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ എന്നിവര്‍ ആവശ്യമായ സഹായം നൽകണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കേണ്ടതെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നും കോടതി അറിയിച്ചിരുന്നു.
കോടതി നിര്‍ദേശങ്ങള്‍ ഇങ്ങനെ: ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർ തങ്ങൾക്കെതിരാണെന്ന് ജനങ്ങൾ കരുതുന്നുവെന്നും ഇത് മാറണമെന്നും കോടതി അറിയിച്ചു. അരിക്കൊമ്പന് ആവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേക്ക് മാറ്റാമെന്നുമായിരുന്നു കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും ഇതിനായി ജില്ലാതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ കടലാസിൽ ഒതുങ്ങരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുക്കണമെന്നും ജനജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയം അല്ലെന്നും ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.
Also Read: അരിക്കൊമ്പനെ മെരുക്കാനെത്തിയ കുങ്കിയാനകളെ കാണാന്‍ വന്‍ തിരക്ക്; താവളം മാറ്റി വനംവകുപ്പ്