മുംബൈ: 'ദി കേരള സ്റ്റോറി' സിനിമയുടെ വിവാദങ്ങൾക്കിടെ, സംസ്ഥാനത്ത് ലവ് ജിഹാദ് സംഭവങ്ങൾ ഉണ്ടായാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സ്‌ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്ന പ്രമേയവുമായി ആദാ ശർമ അഭിനയിച്ച് മെയ് അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന 'ദി കേരള സ്റ്റോറി' ഇന്ത്യയൊട്ടാകെ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്‌താവന.
'ഞാൻ സിനിമ കണ്ടിട്ടില്ല. സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ഉത്തരവാദിത്തമുള്ളവർ ഇക്കാര്യം പരിശോധിക്കണം. കേരളത്തിൽ ലൗ ജിഹാദ് സംഭവങ്ങൾ ഉണ്ടായാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്' -ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ചിത്രം പ്രദർശിപ്പിക്കാതെ തിയേറ്ററുകൾ: 'ദി കേരള സ്റ്റോറി' കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത് മെയ് അഞ്ചിനാണ്. കേരളത്തിലെ 50 തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കാനുള്ള കരാർ കിട്ടിയിരുന്നത്. എന്നാൽ സിനിമ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചതോടെ കരാറെടുത്ത തിയേറ്റർ ഉടമകൾ പിന്മാറുകയായിരുന്നു. കുറച്ച് തിയേറ്ററുകൾ മാത്രമാണ് പ്രദർശിപ്പിക്കാൻ നിലവിൽ കരാർ നിലനിർത്തിയിട്ടുള്ളത്. ഇതിൽ തന്നെ എത്ര തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കുമെന്നതിലും വ്യക്തതയില്ല.
അതേസമയം കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദി കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാൽ നിരോധനം പ്രായോഗികമല്ല എന്ന് കണ്ട് കോടതി ഹർജി തള്ളി. ചിത്രം ഇന്ന് കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പ്രദർശനത്തിനെത്തും.