രാജ്യത്ത് ഇന്ന് മൂന്നാംഘട്ട വാക്‌സിനേഷന് തുടക്കം കുറിക്കുമ്പോൾ വാക്‌സിൻ ക്ഷാമത്തിൽ വലയുകയാണ് വിവിധ സംസ്ഥാനങ്ങൾ. ഈ ഫശ്ചാതലത്തിൽ ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഝാർഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ മുടങ്ങുമെന്ന് സർക്കാരുകൾ അറിയിച്ചു.
ഡൽഹി
കൊവിഡ് വാക്‌സിനേഷന്‍റെ മൂന്നാം ഘട്ട രജിസ്‌ട്രേഷനിൽ തന്നെ നിരവധി പേരാണ് കൊവിൻ ആപ്ലിക്കേഷനിൽ അപേക്ഷ നൽകിയത്. മെയ് ഒന്നിന് മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിക്കുകയും ചെയ്‌തിരുന്നു. പക്ഷെ രാജ്യ തലസ്ഥാനത്ത് വാക്‌സിൻ തീർന്നതായി വ്യാഴാഴ്‌ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.
പഞ്ചാബ്
സംസ്ഥാനത്തും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ പറഞ്ഞ സമയത്ത് വാക്‌സിനേഷൻ ആരംഭിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
പശ്ചിമബംഗാൾ
മെയ് അഞ്ചു മുതൽ വാക്‌സിനേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനത്തും വാക്‌സിൻ ക്ഷാമം ഉണ്ടെന്നും അതിനാൽ വാക്‌സിൻ എപ്പോഴാണോ എത്തുന്നത് അപ്പോൾ വാക്‌സിനേഷൻ ആരംഭിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
ഛത്തീസ്‌ഗഡ്
സൗജന്യമായി വാക്‌സിൻ നൽകുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്നതിനാൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്‌തിരുന്നു. പക്ഷെ സംസ്ഥാനത്ത് ആവശ്യമായ വാക്‌സിൻ ഇല്ലെന്ന് പിന്നീട് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ അറിയിച്ചു.
ഝാർഖണ്ഡ്
മെയ് 15 മുതൽ വാക്‌സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. മെയ് 15ന് മുൻപ് സംസ്ഥാനത്ത് വാക്‌സിൻ എത്തിക്കാൻ സാധിക്കില്ല എന്നും മെയ് അവസാന ആഴ്‌ചയിൽ തങ്ങളുടെ ഓർഡർ പരിഗണിക്കുമെന്നും കമ്പനികൾ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശ്
സംസ്ഥാനത്ത് സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്തമാക്കി. വിശദമായ മാർഗ നിർദ്ദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും മെയ് ഒന്നിന് മൂന്നാം ഘട്ട വാക്‌സിനേഷൻ നടക്കില്ല എന്നും അദ്ദേഹം അറിയിച്ചു
ഈ സംസ്ഥാനങ്ങളെ കൂടാതെ മഹാരാഷ്‌ട്ര, കേരളം, കർണാടക, ഗോവ, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഈ സംസ്ഥാനങ്ങൾ പരാതി നൽകിയിരിക്കുകയാണ്.