ദേഗംഗ : പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹാദിപൂരില്‍ ഇന്നലെ നടത്തിയ രഹസ്യ റെയ്‌ഡില്‍ 100 കോടിയിലധികം രൂപയുടെ മൂല്യമുള്ള പുരാവസ്‌തുക്കള്‍ കണ്ടെത്തി. അഡ്‌മിനിസ്ട്രേറ്റർ ജനറൽ ആൻഡ് വെൽഫെയർ ട്രസ്റ്റിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചന്ദ്രകേതുഗഡില്‍ നിന്ന് 15,000ത്തില്‍ പരം പുരാവസ്‌തുക്കളാണ് പ്രദേശവാസിയായ ആസാദ് ഉള്‍ സമാന്‍റെ വസതിയില്‍ നിന്ന് കണ്ടെത്തിയത്.
മൗര്യ കുശാന സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകള്‍ ദേഗംഗയിലെ ചന്ദ്രകേതുഗഡില്‍ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന ഇന്ത്യയെ ഭരിച്ചിരുന്നത് ഈ രണ്ട് വംശങ്ങളില്‍ നിന്നുമുള്ള രാജാക്കന്‍മാരായിരുന്നു. ആ സമയത്ത് ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍ മണ്ണിനടിയിലായിരുന്നു കുഴിച്ചിട്ടിരുന്നത്.
പുരാതന വസ്‌തുക്കള്‍ ശേഖരിക്കവെയാണ് തങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുന്നതെന്ന് അഡ്‌മിനിട്രേറ്റര്‍ ജനറല്‍ ആന്‍റ് വെല്‍ഫയര്‍ ട്രസ്‌റ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബിപ്ലബ് റോയ് പറഞ്ഞു. പുരാവസ്‌തുക്കള്‍ വാങ്ങാനെത്തുന്നവര്‍ എന്ന വ്യാജേനയാണ് ഇവര്‍ ആസാദ് ഉള്‍ സമാന്‍റെ വീട്ടിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ വെല്‍ഫയര്‍ ട്രസ്‌റ്റി, പുരാവസ്‌തുക്കള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഒരു മ്യൂസിയം ഒരുക്കാന്‍ പോകുന്നുവെന്നും അതിനാലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വസ്‌തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്നും റോയ് അറിയിച്ചു.
15,000ത്തില്‍ പരം വസ്‌തുക്കളുടെ ശേഖരമുണ്ടെങ്കിലും അതില്‍ 15-20 എണ്ണത്തിന് മാത്രമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ശേഷിക്കുന്ന വസ്‌തുക്കള്‍ തങ്ങള്‍ കണ്ടുകെട്ടി. 100 കോടിയാണ് ഇതിന്‍റെ വിപണി മൂല്യമെന്നും ബിപ്ലബ് റോയ് പറഞ്ഞു.