'പരിയേറും പെരുമാള്‍, കര്‍ണന്‍' എന്നീ ചിത്രങ്ങളിലൂടെ സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്രാനുഭവം സമ്മാനിച്ച, മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാമന്നൻ'. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീം ചെയ്യുന്നുണ്ട്. നെറ്റ്‌ഫ്ലിക്‌സ് ട്രെൻഡിങ്ങില്‍ ചിത്രം ഒന്നാം സ്ഥാനത്ത് തുടരുകയാണ് എന്നതും ശ്രദ്ധേയമാണ്.
വടിവേലുവും ഫഹദ് ഫാസിലും അസാമാന്യ പ്രകടനം കാഴ്‌ചവച്ച സിനിമയാണ് 'മാമന്നൻ'. തന്‍റെ ചിത്രങ്ങളിലൂടെ ജാതി വിവേചനത്തിനെതിരെ അതിശക്തമായ നിലപാട് പ്രഖ്യാപിച്ച സംവിധായകൻ കൂടിയാണ് മാരി സെൽവരാജ്. 'മാമന്നനും' മറിച്ചല്ല സഞ്ചരിക്കുന്നത്.
ദലിത് സ്വാഭിമാനത്തിന്‍റെ സങ്കീർണമായ വെല്ലുവിളികളെ ജനാധിപത്യത്തിൽ കാലുറപ്പിച്ചുകൊണ്ട് സംവിധായകൻ വിശകലനം ചെയ്യുകയാണ്. ദലിത് സംവരണ മണ്ഡലത്തിൽ നിന്ന് ജയിച്ച എം.എൽ.എ ആണ് വടിവേലുവിന്‍റെ കഥാപാത്രമായ മാമന്നൻ. ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായിട്ടും തന്‍റെ ജാതിയുടെ പേരിൽ അയാൾ സ്വയം ഒരു കീഴാളനായി കണക്കാക്കുന്നു. സ്വന്തം പാരമ്പര്യത്തിലും കുടുംബ മഹിമയിലും ഊറ്റംകൊള്ളുന്ന സവർണ ജാതിക്കാരനായ രത്നവേലിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ എ. ആർ. റഹ്മാന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. വൈകാരിക രംഗങ്ങളുടെ ഭംഗിയും സ്വാധീനവും ഇരട്ടിയാക്കാൻ അദ്ദേഹത്തിന്‍റെ സംഗീതത്തിന് കഴിഞ്ഞെന്ന് വേണം കരുതാൻ. അടുത്തിടെ ഒരു അഭിമുഖത്തിൽ, ചിത്രത്തിലെ ക്രൂരനായ വില്ലനായുള്ള ഫഹദ് ഫാസിലിന്‍റെ പ്രകടനം കണ്ടതിന് ശേഷം എആർ റഹ്മാൻ നടത്തിയ പ്രതികരണം മാരി സെൽവരാജ് പങ്കിട്ടിരുന്നു. "ഭയപ്പെടുത്തുന്നു" എന്നായിരുന്നു ഫഹദിന്‍റെ പ്രകടനത്തെ റഹ്മാൻ പരാമർശിച്ചത്. സിനിമയിൽ ഫഹദിന്‍റെ രത്‌നവേൽ എന്ന കഥാപാത്രത്തെ കണ്ടപ്പോൾ ഭയവും ഞെട്ടലുമാണ് അദ്ദേഹത്തിൽ ഉണ്ടായതെന്ന് മാരി സെൽവരാജ് പറഞ്ഞു.
കൂടാതെ പ്രേക്ഷകരില്‍ നിന്നും വെറുപ്പ് ഏറ്റുവാങ്ങാതിരിക്കാൻ ഇത്തരം തീവ്രമായ വേഷങ്ങളിൽ നിന്ന് ഇടവേള എടുക്കാനും, പകരം റൊമാന്‍റിക് - കോമഡി സിനിമകൾ ചെയ്യാനും റഹ്മാൻ ഫഹദിനെ ഉപദേശിക്കുകയും ചെയ്‌തു. ഒരു നടനെ സംബന്ധിച്ച് ഏറ്റവും മഹത്തരമായ അംഗീകാരമായി ഇതിനെ വിലയിരുത്താം. എന്നാല്‍ മറുവശത്ത് ആഘോഷിക്കപ്പെടുന്ന ഫഹദിന്‍റെ രത്നവേലിനെ കണ്ടില്ലെന്ന് നടിക്കാനുമാവില്ല.
തരംഗമായി രത്നവേല്‍: ട്വിറ്ററിലുൾപ്പടെ സോഷ്യൽ മീഡിയയിൽ ഇന്ന് ആഘോഷിക്കപ്പെടുന്നത് ഫഹദിന്‍റെ അസാമാന്യ പ്രകടനമല്ല, മറിച്ച് രത്നവേൽ എന്ന വ്യക്തിയാണ്, കൃത്യമായ ജാതീയതയാണ് എന്ന് പറയാതെ വയ്യ. രത്‌നവേൽ എന്ന കഥാപാത്രത്തെയോ അയാളുടെ പ്രവർത്തനങ്ങളെയോ മഹത്വവത്കരിക്കാൻ മാരി സെൽവരാജ് ഉദ്ദേശിച്ചിട്ടില്ല. നിർഭാഗ്യവശാൽ, പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം രത്നവേലിനെ ആഘോഷിക്കുകയാണ്. അയാളുടെ അതിഭീകര വയലൻസിനെയും എല്ലാവിധ പ്രിവിലേജുകളും കയ്യാളുന്ന അയാളുടെ ജാതീയ ചിന്തകളും ആഘോഷിക്കപ്പെടുന്നത് നിസാരമായോ നിഷ്‌കളങ്കമായ ആരാധനയായോ കാണേണ്ട ഒന്നല്ല.
ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിത്തിരയില്‍ ഇതുവരെ നാം കണ്ട വടിവേലുവില്‍ നിന്നും തീർത്തും വേറിട്ട് നില്‍ക്കുന്നതാണ് 'മാമന്ന'നിലെ താരത്തിന്‍റെ പ്രകടനം. തമിഴകത്തെ ഹാസ്യരംഗത്ത് പതിറ്റാണ്ടുകളായി മുടിചൂടാ മനന്നനായി തുടരുന്ന വടിവേലുവിലെ അഭിനേതാവിനെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. തേനി ഈശ്വർ ഛായാഗ്രാഹകനായ ചിത്രം നിർമിച്ചത് പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ കമ്പനി ആയ റെഡ് ജയന്‍റ് ആണ്.