ന്യൂഡല്‍ഹി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ്, ഇന്ദ്ര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 2017ല്‍ കലിഖോ പുലിന്‍റെ ഭാര്യയും ഇതേ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റിനെ സമീപിക്കാന്‍ അന്ന് നിര്‍ദേശിച്ചിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. കലിഖോയുമായി ബന്ധമില്ലാത്ത ആളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കലിഖോ പുലിന്‍റെ ആത്മഹത്യാ കുറിപ്പില്‍ നിരവധി പ്രമുഖരുടെ പേരുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രസിഡന്‍റിനെ സമീപിച്ചതില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ലെന്നും അഡ്വ. സിദ്ധാര്‍ഥ് ദവെ കോടതിയെ ബോധിപ്പിച്ചു. 2016ലാണ് കലിഖോ പുല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവുന്നത്. തുടര്‍ന്ന് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഭരണം നഷ്‌ടമാവുകയായിരുന്നു. അതേ വര്‍ഷം അദ്ദേഹത്തെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു.