അമരാവതി : മുൻ ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംഎൽസി അനന്ത സത്യ ഉദയ് ഭാസ്‌കർ അറസ്റ്റിൽ. മെയ് 19നാണ് ഇയാൾ മുൻ ഡ്രൈവർ വി സുബ്രഹ്മണ്യത്തെ മർദിച്ച് കൊലപ്പെടുത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പിന്നാലെ വാഹനാപകടമായി വരുത്തി തീർക്കാൻ ഉദയ് ഭാസ്‌കർ ശ്രമിച്ചെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിന്‍റെ ചുരുളഴിയുകയായിരുന്നു.
മേയ് 19ന് രാത്രി ഭാസ്‌കറിന്‍റെ അപ്പാർട്ട്‌മെന്‍റ് കോംപ്ലക്‌സിന് സമീപമാണ് ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്. തർക്കത്തിനിടെ ഭാസ്‌കർ സുബ്രഹ്മണ്യത്തെ ഇടിക്കുകയും പിടിച്ച് തള്ളുകയും ചെയ്‌തു. എന്നാൽ മദ്യപിച്ച നിലയിലായിരുന്ന സുബ്രഹ്മണ്യം ഇരുമ്പ് ഗ്രില്ലിൽ തലയിടിച്ച് വീണു. പിന്നാലെ ഉദയ് ഭാസ്‌കർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ ആശുപത്രികളിൽ ഡോക്‌ടർമാരുടെ സേവനം ലഭ്യമായിരുന്നില്ല.
ഇതിനിടെ ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് സംഭവം അപകട മരണമായി ചിത്രീകരിച്ച് പുലർച്ചെ രണ്ട് മണിയോടെ സുബ്രഹ്മണ്യത്തിന്‍റെ മൃതദേഹം ഇയാൾ കാറിൽ കൊണ്ടുവന്ന് ബന്ധുക്കൾക്ക് കൈമാറി. ഡ്രൈവർ റോഡപകടത്തിൽ മരിച്ചതായി ഉദയ് ഭാസ്‌കർ അഭിപ്രായപ്പെട്ടെങ്കിലും വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇയാൾ കാർ ഉപേക്ഷിച്ച് സ്ഥലംവിട്ടു.
ഇതിനിടെ കുറ്റക്കാരനായ നിയമസഭാംഗത്തെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ദളിത് സംഘടനകളും സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ നടത്തി. തുടർന്ന് പ്രതിരോധത്തിലായ സർക്കാർ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം അനന്ത സത്യ ഉദയ് ഭാസ്‌കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.