ഹൈദരാബാദ് : എംപി രഘു രാമകൃഷ്‌ണ രാജു സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കും മറ്റ് 40 പേർക്കും നോട്ടിസ് അയച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി (AP High Court issues notice to CM YS Jagan Mohan Reddy and ministers). സംസ്ഥാന സർക്കാരിന്‍റെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) വിമത എംപി കെ രഘു ഹർജി നല്‍കിയത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഹൈക്കോടതി നോട്ടിസ് അയച്ചത്.
ജസ്റ്റിസുമാരായ യു ദുർഗ പ്രസാദ് റാവുവും കിരൺമയി മാണ്ഡവയും അടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. പ്രതിഭാഗം എത്രയും വേഗം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്‍റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പരിപാടികളിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്ന് രഘു രാമകൃഷ്‌ണ രാജു ഹർജിയിൽ ആരോപിച്ചു.
ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഹർജി രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സർക്കാരിന്‍റെ വാദം. ഹര്‍ജിക്കാരൻ രാഷ്ട്രീയപരമായി മുഖ്യമന്ത്രിക്ക് എതിരാണ്. രാഷ്ട്രീയ ലക്ഷ്യമുള്ളതിനാൽ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ് ശ്രീറാം കോടതിയോട് അഭ്യർഥിച്ചു.
എന്നാൽ, ഹർജിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളിലുള്ള ചില സുപ്രധാന ഫയലുകൾ നശിപ്പിച്ചുവെന്നും ഇത് കോടതിയിൽ സമർപ്പിക്കേണ്ടിയിരുന്ന സുപ്രധാന തെളിവുകളായിരുന്നുവെന്നും ഹർജിക്കാരന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ഉന്നം മുരളീധർ കോടതിയെ അറിയിച്ചു. ഇരു വിഭാഗത്തിന്‍റെ വാദങ്ങളും കേട്ട ഹൈക്കോടതി, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉൾപ്പടെ 41 പേർക്കും നോട്ടിസ് അയക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു. ഡിസംബർ 14ന് ഹർജിയിൽ വീണ്ടും വാദം കേള്‍ക്കും.