അമരാവതി: ബാഡ്മിന്‍റൺ താരം പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സർക്കാർ രണ്ട് ഏക്കർ സ്ഥലം അനുവദിച്ചു. വിശാഖപട്ടണത്ത് ബാഡ്മിന്‍റൺ അക്കാദമിയും സ്പോർട്സ് സ്കൂളും സ്ഥാപിക്കാൻ വേണ്ടിയാണ് രണ്ട് ഏക്കർ സ്ഥലം അനുവദിച്ചത്. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള മൂന്ന് ഏക്കർ സ്ഥലത്ത് രണ്ട് ഏക്കർ സ്ഥലമാണ് കായിക, യുവജന വകുപ്പിലേക്ക് മാറ്റാൻ റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി വി. ഉഷാറാണി ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഐടി റിട്ടേണുകളും മൂന്നുവർഷത്തേക്ക് സമർപ്പിക്കുകയും മറ്റെല്ലാ വ്യവസ്ഥകളും പാലിച്ച ശേഷമായിരിക്കും സ്ഥലം പിവി സിന്ധു ബാഡ്മിന്‍റൺ അക്കാദമിക്ക് കൈമാറുക.
Also Read: കൊവിഡ് പ്രതിരോധം; തമിഴ്‌നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത്
അതേസമയം അക്കാദമിയുടെ നിർമാണത്തിന് സ്ഥലം അനുവദിച്ചതിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡിക്ക് പിവി സിന്ധു നന്ദി പറഞ്ഞു. വിശാഖപട്ടണത്ത് ഇതുവരെ ബാഡ്മിന്‍റൺ അക്കാദമി ഇല്ല. അതിനാൽ അവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയുള്ള അക്കാദമി സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ അക്കാദമി നിർമിക്കുകയും അടുത്ത ഘട്ടത്തിൽ സ്പോർട്സ് സ്കൂൾ സ്ഥാപിക്കാനുമാണ് തീരുമാനം. അക്കാദമിയിൽ പരിശീലന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സർക്കാർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ നൽകുമെന്നും പിവി സിന്ധു പറഞ്ഞു.