ദുർഗ് (ഛത്തീസ്‌ഗഡ്) : സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗിയുടെ മുഖത്ത് ഉറുമ്പുകള്‍ ഇഴഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്‌ഗഡിലെ ദുര്‍ഗ് ജില്ലയിലുള്ള ചന്ദുലാല്‍ ചന്ദ്രാകാര്‍ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍ ഹിമാന്‍ഷു ചന്ദ്രാകാര്‍, സ്റ്റാഫ് നഴ്‌സ് എലിന്‍ റാം, അറ്റന്‍ഡർമാരായ മാന്‍സിഹ് യാദവ്, യുഗല്‍ കിഷോര്‍ വർമ എന്നിവരെ പിരിച്ചുവിടാന്‍ ആശുപത്രി മാനേജ്‌മെന്‍റിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
സെപ്‌റ്റംബർ 28നാണ് സംഭവം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നാണ് സുഭാഷ് നഗര്‍ സ്വദേശിയായ രാമ സഹു എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 69കാരനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രാമയുടെ മകന്‍ അച്ഛനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെടുന്നത്.
Also Read: രോഗിക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് ഇട്ടു, കുടിച്ചത് എലി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദൃശ്യം
തുടര്‍ന്ന് ഇത് സംബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോട് പരാതി പറഞ്ഞെങ്കിലും മഴക്കാലത്ത് ഉറുമ്പുകള്‍ സാധാരണമെന്നായിരുന്നു മറുപടി. തുടര്‍ന്ന് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നോഡല്‍ ഓഫിസര്‍ ഡോ. ആര്‍കെ ഖാന്‍ഡേവാളിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘം ആശുപത്രിയിലെത്തുകയും രോഗിയുടെ മകന്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍, നഴ്‌സ് എന്നിവരുടെ മൊഴിയെടുക്കുകയും ചെയ്‌തു. അന്വേഷണ സംഘം ജില്ല ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ക്കും ജില്ല കലക്‌ടര്‍ക്കും റിപ്പോര്‍ട്ട് സമർപ്പിക്കും.