ചെന്നൈ : നാഗപട്ടണം ജില്ലയില്‍ ക്ഷേത്ര അലമാരയിൽ ഒളിപ്പിച്ച നിലയില്‍ മൂന്ന് അമൂല്യ വിഗ്രഹങ്ങൾ കണ്ടെടുത്തതായി തമിഴ്‌നാട് ഐഡൽ വിംഗ്. നാഗപട്ടണം തിരുക്കുവളൈ താലൂക്കിലെ പന്ന സ്ട്രീറ്റിലുള്ള പന്നക പരമേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹങ്ങൾ കിട്ടിയത്.
മൂന്ന് വിഗ്രഹങ്ങളും വെങ്കല നിർമിതമാണ്. 38.5 സെന്‍റീമീറ്റർ ഉയരവും 7.3 കിലോയുമാണ് ഒരു വിഗ്രഹത്തിനുള്ളത്. 30സെ മീ നീളവും 6.2 കിലോയുമുള്ള ഭുവനേശ്വരി അമ്മന്‍റെ വിഗ്രഹവും 43സെ മീ നീളവും 9.4കിലോയുമുള്ള തിരുജ്ഞാന സംബന്തർ പ്രതിമയുമാണ് മറ്റുള്ളവ. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി.
ചോളരുടെ കാലത്തെ വിഗ്രഹങ്ങൾ : ക്ഷേത്ര രേഖകളിൽ ഈ വിഗ്രഹങ്ങളെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല. വിഗ്രഹങ്ങളുടെ സാന്നിധ്യം ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫിസർ അറിഞ്ഞിരുന്നില്ല. എഡി 12 മുതൽ 15 വരെയുള്ള ചോള സാമ്രാജ്യ കാലത്തുള്ളതാണ് ഈ മൂന്ന് വിഗ്രഹങ്ങളുമെന്നും ഇവ ഉയർന്ന മൂല്യമുള്ളവയാണെന്നും വിദഗ്‌ധർ പറഞ്ഞു.
ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തിരിച്ചറിയുന്നതിനായി ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (എച്ച്ആർ & സിഇ) വകുപ്പിനെ സമീപിച്ചിട്ടുണ്ട്. വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പോണ്ടിച്ചേരിയിലെ ഇൻഡോ-ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണോയെന്ന് പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
തിരുച്ചി ഐഡബ്ല്യു സിഐഡി സെൻട്രൽ സോൺ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബാലമുരുകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. കേസിന്‍റെ അന്വേഷണ ചുമതല ഇൻസ്‌പെക്‌ടർ ഇന്ദിര കുമാരിക്കാണ്.
50 വർഷം മുമ്പ് ഇതേ ക്ഷേത്രത്തിൽ നിന്ന് ഗണേശ വിഗ്രഹം മോഷണം പോയ സംഭവത്തിൽ ഐഡൽ വിംഗ് (സിഐഡി) നടത്തിയ അന്വേഷണത്തിൽ മറ്റ് 11 വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. അമേരിക്കയിലെ നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്നാണ് മോഷണം പോയ ഗണേശ വിഗ്രഹം കിട്ടിയത്.
മോഷ്‌ടിക്കപ്പെട്ട 11 വിഗ്രഹങ്ങൾ : സോമസ്‌കന്ദർ, ചന്ദ്രശേഖര അമ്മൻ, ദേവി, അസ്‌തിരദേവർ, പിഡാരി അമ്മൻ, നവഗ്രഹ സൂര്യൻ, ബോഗശക്തിഅമ്മൻ, നൃത്തം ചെയ്യുന്ന സംബന്ധർ, ചന്ദ്രശേഖറും ചന്ദ്രശേഖര അമ്മനും, നിൽക്കുന്ന രീതിയിലുള്ള ചന്ദ്രശേഖർ, നിവര്‍ന്നുള്ള വിനായകർ എന്നിവയാണ് 50 വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിക്കപ്പെട്ട 11 വിഗ്രഹങ്ങൾ.